ഷിരൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തിൻ്റെ ഭാഗമായിരിക്കുകയാണ് ഈശ്വർ മാൽപെയും സംഘവും. കർണാടകത്തിലെ തീരദേശ ജില്ലയായ ഉഡുപ്പിയിലെ മാൽപെ സ്വദേശിയായ ഈശ്വർ മാൽപെ ആഴങ്ങളിൽ അകപ്പെട്ട നിരവധിപേർക്ക് രക്ഷകനായിട്ടുണ്ട്. കുത്തിയൊഴുകുന്ന ആഴങ്ങളിലേക്ക് കടന്നുചെന്ന് ജീവൻ്റെ തുടിപ്പ് കണ്ടെത്താൻ 48കാരനായ മാൽപെയ്ക്ക് വൈദഗ്ധ്യമുണ്ട്. അതിനാൽ ‘ഉഡുപ്പിയുടെ അക്വ മാൻ’ (ജല മനുഷ്യൻ) എന്ന വിളിപ്പേരും അദ്ദേഹത്തിനുണ്ട്.
മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെയുടെ രക്ഷാകരങ്ങളാൽ രണ്ടുപതിറ്റാണ്ടിനിടെ 20 ഓളം പേർക്ക് ജീവൻ തിരിച്ചുകിട്ടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിവിധ സംഭവങ്ങളിലായി ആഴങ്ങളിൽ പൊലിഞ്ഞ 200 ഓളം പേരുടെ മൃതദേഹങ്ങളും മാൽപെ കണ്ടെത്തിയിട്ടുണ്ട്. മാൽപെ ബീച്ചിന് സമീപമാണ് ഈശ്വർ മാൽപെ താമസിക്കുന്നത്. അമ്മയും ഭാര്യയും മൂന്നു കുട്ടികളും ഉൾപ്പെടുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. മത്സ്യബന്ധന ബോട്ടുകൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതാണ് വരുമാനമാർഗം.
അറബിക്കടലും നിരവധി നദികളും തോടുകളും നിറഞ്ഞ ഉഡുപ്പിയുടെ മടിത്തട്ടില്‍ കളിച്ചുവളര്‍ന്നതിന്റെ പരിചയവും അതിനൊത്ത തന്റേടവുമാണ് ഈശ്വര്‍ മാല്‍പെയെ വേറിട്ടുനിര്‍ത്തുന്നത്്. ‘ഞങ്ങള്‍ സാമൂഹിക പ്രവര്‍ത്തകരല്ല, മറിച്ച് ലോകം ഒന്നാണെന്ന ഹൃദയവുമായി ജീവിക്കുന്നവരാണ’- ഈശ്വര്‍ മാപ്പെയുടെ ഇന്‍സ്റ്റഗ്രാം ബയോയില്‍ പറഞ്ഞിരിക്കുന്ന വാക്കുകളാണിത്.
പുഴയുടെ അടിത്തട്ടിൽ മൂന്നു മിനിറ്റ് വരെ ഓക്സിജൻ സിലിണ്ടറിൻ്റെ സഹായില്ലാതെ ഈശ്വർ മാൽപെയ്ക്ക് തുടരാനാകും. ഓക്സിജൻ കിറ്റിൻ്റെ സഹായമില്ലാതെയാണ് പലപ്പോഴും ആഴങ്ങളിലേക്ക് മാൽപെ ഇറങ്ങുന്നത്. സഹായം തേടി ആര്, എപ്പോൾ വിളിച്ചാലും ഓടിയെത്തുന്നതാണ് പ്രകൃതം. ഇതിന് കുടുംബവും അകമഴിഞ്ഞ പിന്തുണ നൽകുന്നുണ്ട്.
ഈശ്വർ മാൽപെ നടത്തിയ രക്ഷാദൗത്യങ്ങളെക്കുറിച്ച് ഒരിക്കൽ മാൽപെ എസ്ഐ ശക്തിവേലു പ്രതികരിച്ചിരുന്നു. അവയിൽ ചിലത് ഇവയൊക്കെ: ലോക്ക് ഡൗൺ കാലത്ത് സാമ്പത്തിക നഷ്ടം നേരിട്ട ഒരു ഹോട്ടലുടമ നദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ് ആദ്യ സംഭവം. പുലർച്ചെ മൂന്നു മണിയോടെ വിവരമറിഞ്ഞ ഈശ്വർ മാൽപെ ഉടനടി സ്ഥലത്തെത്തി കൂരിരുട്ടിൽ ആഴങ്ങളിൽ ഇറങ്ങി കല്ലിനടിയിൽ കുടുങ്ങിയ അദ്ദേഹത്തെ വലിച്ചിറക്കി കരയ്ക്കെത്തിച്ച് ജീവൻ രക്ഷപ്പെടുത്തി. എസ്എസ്എൽസി പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് മാൽപെയ്ക്ക് സമീപം കടലിൽ ചാടിയ വിദ്യാർഥിനിയെ മരണത്തിൽനിന്ന് വലിച്ചുകയറ്റിയതും ഈശ്വർ മാൽപെ തന്നെ.
കാർവാർ അടക്കം വിവിധ മേഖലകളിൽ അപകടങ്ങളുണ്ടാകുമ്പോൾ നാട്ടുകാരുടെ ദൈവദൂതനാണ് ഈശ്വർ മാൽപെ. ഉത്തര കന്നഡ എസ്പി, ഡിഎസ്പി എന്നിവരുടെ അഭ്യർഥനയെ തുടർന്നാണ് ഈശ്വർ മാൽപെയും സംഘവും അർജുനായുള്ള തിരച്ചിലിൻ്റെ ഭാഗമാകുന്നത്. മത്സ്യബന്ധന ബോട്ടുകളും രക്ഷാദൗത്യത്തിന് എത്തിച്ചിട്ടുണ്ട്. ഗംഗാവലി പുഴയിൽ നടത്തിയ ഐബോഡ് പരിശോധനയിൽ സിഗ്നൽ ലഭിച്ച നാലാം പോയിൻ്റിന് സമീപം ഡൈവ് ചെയ്ത് അർജുനെയും ട്രക്കും കണ്ടെത്തുകയാണ് മുന്നിലുള്ള ദൗത്യം. പുഴയിൽ തുടരുന്ന ശക്തമായ ഒഴുക്കിനെ നിർഭയം നേരിട്ട് മൂന്നിലധികം തവണ ഈശ്വർ മാൽപെ ഡൈവ് ചെയ്ത് തിരച്ചിൽ ആരംഭിച്ചുകഴിഞ്ഞു.