വയനാട്: മഴ മാറി 10 ദിവസം കഴിയും മുന്‍പേ വയനാട് ജില്ലയില്‍ ഇക്കുറിയും മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. മുന്‍ വര്‍ഷങ്ങളില്‍ മഴ മാറി ആഴ്ചകള്‍ക്ക് ശേഷമാണു മണ്ണിര ചത്തിരുന്നത് എങ്കില്‍ ഇക്കുറി മഴ പൂര്‍ണമായും മാറും മുന്‍പേ കഴിഞ്ഞ വര്‍ഷത്തേതിനു സമാനമായ രീതിയില്‍ മണ്ണിരകള്‍ ചത്തു തുടങ്ങി. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ മണ്ണിരകള്‍ കൂട്ടത്തോടെ പിടഞ്ഞ് ചാകുന്നത് കര്‍ഷകരെ ആശങ്കയിലാക്കുകയാണ്.
കനത്ത മഴ മാറി നാലാം ദിവസം തന്നെ ഒന്നും രണ്ടുമായി മണ്ണിരകള്‍ ചത്തു തുടങ്ങി. ദിവസം കഴിയുന്തോറും ചാകുന്ന മണ്ണിരകളുടെ എണ്ണം പെരുകുകയാണ്. നീളം കൂടി ആരോഗ്യമുള്ള മണ്ണിരകളാണ് ചാകുന്നതില്‍ കൂടുതലും. റോഡുകളിലും വീട്ടുമുറ്റത്തുമാണു മണ്ണിര കൂട്ടത്തോടെ ചത്തുവീഴുന്നത്. മണ്ണിര ചാകുന്നതിനു കാരണം മണ്ണിലെ ഊഷ്മാവിന്റെ വ്യതിയാനം മൂലമാണെന്നു പറയപ്പെടുന്നു.
മണ്ണിര ചത്തൊടുങ്ങുന്നത് കൊടുംവരള്‍ച്ചയുടെ സൂചനയാണെന്നു കര്‍ഷകര്‍ പറയുന്നു. 10 മുതല്‍ 30 സെന്റിമീറ്റര്‍ വരെ താഴ്ച്ചയിലാണ് മണ്ണിരകളുടെ വാസം. കഴിഞ്ഞ വര്‍ഷം മണ്ണിര ചത്തൊടുങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച മണ്ണ്, ജൈവഘടകങ്ങളാലും പോഷകഗുണങ്ങളാലും സമ്പുഷ്ടമാണെന്നു പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അമ്ലഗുണത്തിന്റെ അളവും ആരോഗ്യമുള്ള മണ്ണിന്റേതു തന്നെ. ഇതോടെ ചൂടു തന്നെയാണ് മണ്ണിരകളെ കൊന്നതെന്ന നിഗമനത്തില്‍ കൃഷി ശാസ്ത്രജ്ഞരും എത്തിയിരിക്കുന്നത്.
ചൂടിനനുസരിച്ച് വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നത് ഡക്കാന്‍ പീഠഭൂമി പ്രദേശത്തെ മണ്ണിന്റെ സവിശേഷതയാണ്. ഇതിന്റെ ഭാഗമായി മണ്ണ് വിണ്ടുകീറും. മേല്‍മണ്ണിന്റെ ഈര്‍പ്പം നഷ്ടപ്പെടുമ്പോള്‍ തണുപ്പുതേടി മണ്ണിനടിയിലേക്ക് നീങ്ങുകയാണു മണ്ണിരകളുടെ പതിവ്. ഇതിനു വിപരീതമായി മുകളിലേക്ക് വരുമ്പോഴാണ് കൊടുംചൂടേറ്റ് ചത്തൊടുങ്ങുന്നത്. 15 മുതല്‍ 28 ഡിഗ്രി ചൂടില്‍ വരെയെ മണ്ണിരകള്‍ക്കു വസിക്കാന്‍ സാധിക്കു. ഇതിലധികം ചൂടാണ് മണ്ണിര പുറത്ത് വരാനും ചാകാനും മറ്റൊരു കാരണമെന്നു പറയപ്പെടുന്നു.