തിരുവനന്തപുരം: നിത്യജീവിതത്തില്‍ പലപ്പോഴും ആവശ്യമായി വരുന്ന പ്രധാനപ്പെട്ട രേഖയാണ് മുദ്രപത്രം. എത്ര വിലയുള്ള വസ്തു ആണെങ്കിലും അതിന്റെ മൂല്യം മുദ്ര പത്രത്തില്‍ രേഖപ്പെടുത്തിയാല്‍ മാത്രമേ അതിന് മൂല്യമുണ്ടാകൂ. എന്നാല്‍ മുദ്രപത്രങ്ങള്‍ക്കിടയിലും വ്യാജന്‍ കറങ്ങി നടക്കുന്നുണ്ട്. വ്യാജമുദ്രപത്രങ്ങളെ തടയാനും, സര്‍ക്കാരിന്റെ പണം കൃത്യമായി ട്രഷറിയില്‍ എത്താനും വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള പുതിയ സംവിധാനമാണ് ഇ സ്റ്റാമ്പിങ്. ഇനി മുതല്‍ ഒരു ലക്ഷം രൂപയില്‍ താഴെയുള്ള എല്ലാ മുദ്രപത്ര ഇടപാടുകള്‍ക്കും ഇ സ്റ്റാമ്പിങ് സംവിധാനം നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിരിക്കുകയാണ് സര്‍ക്കാര്‍.
ഇ സ്റ്റാമ്പിങ് എന്നത് കമ്പ്യൂട്ടര്‍ അധിഷ്ഠിത ആപ്ലിക്കേഷനും സര്‍ക്കാരിന് നോണ്‍ ജുഡിഷ്യല്‍ സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കുന്നതിനുള്ള സുരക്ഷിതമായ ഒരു മാര്‍ഗവുമാണ്. നിലവില്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് മാത്രമായിരുന്നു ഇ സ്റ്റാമ്പിങ് സംവിധാനം ഉണ്ടായിരുന്നതെങ്കില്‍ ഇനി മുതല്‍ ഒരു ലക്ഷം രൂപയില്‍ താഴെയുള്ള എല്ലാ മുദ്രപത്ര ഇടപാടുകള്‍ക്കും ഇ സ്റ്റാമ്പിങ് നിര്‍ബന്ധമാണ്.
വാടക ചീട്ടിന് പോലും ഇനി മുതല്‍ ഇ സ്റ്റാമ്പിങ് മതിയാകും. നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇ സ്റ്റാമ്പുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ഏറ്റവും കുറഞ്ഞ മുഖവിലയുള്ള 50 രൂപയുടെ മുഖപത്രം പോലും ഇനി ഡൗണ്‍ലോഡ് ചെയ്ത് വാങ്ങേണ്ടി വരും. ട്രഷറി വകുപ്പിന്റെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പണം അടയ്ക്കുന്നവര്‍ക്ക് മാത്രമാണ് ഇസ്റ്റാമ്പ് ഇനി മുതല്‍ ലഭ്യമാവുന്നത്. ഇത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് രജിസ്ട്രേഷനായി നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇ സ്റ്റാമ്പിങ്ങിലൂടെ ജനങ്ങള്‍ അധികം തുക നല്‍കേണ്ടതില്ല.
ഇ സ്റ്റാമ്പിന്റെ പ്രത്യേകതകള്‍
1.മുദ്രപ്പത്രത്തിന്റെ പേരിലുള്ള തട്ടിപ്പ് തടയാന്‍ സാധിക്കും
2.കുറഞ്ഞ തുകയ്ക്കുള്ള മുദ്രപ്പത്രത്തിന്റെ ദൗര്‍ലഭ്യം മൂലം കൂടിയ തുകയുടെ പത്രം വാങ്ങേണ്ടിവരുന്നത് ഒഴിവാക്കാന്‍ ഇസ്റ്റാമ്പിലൂടെ സാധിക്കും
3.സര്‍ക്കാരിനും സാമ്പത്തിക മെച്ചമാണ് ഇസ്റ്റാമ്പ് നല്‍കുന്നത്.
4.മുദ്രപത്രത്തിന്റെ പേരില്‍ വെന്‍ണ്ടര്‍മാര്‍ക്ക് നല്‍കുന്ന കമ്മീഷന്‍ ഇനത്തിലെ ചെലവ് കുറയ്ക്കാനും ഇ സ്റ്റാമ്പ് സഹായകരമാണ്.
ഇ സ്റ്റാമ്പിങുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ ആളുകള്‍ക്കിടയില്‍ ഇപ്പോഴും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സ്റ്റാമ്പ് വെന്‍ഡര്‍മാരില്‍ നിന്ന് മുന്‍കൂട്ടി വാങ്ങി വെച്ച മുദ്രപത്രങ്ങള്‍ ഇനി ഉപയോഗിക്കാമോ എന്ന കാര്യത്തില്‍ ആണ് വ്യക്തതക്കുറവുള്ളത്. അതിനായി രജിസ്ട്രേഷന്‍ വകുപ്പിന്റെ പേള്‍ എന്ന സംവിധാനവും ട്രഷറി വകുപ്പിന്റെ പോര്‍ട്ടലും സംയോജിപ്പിച്ച് ഒരു സംവിധാനം നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും സ്റ്റാമ്പ് വെന്‍ഡര്‍മാര്‍ക്ക് പ്രത്യേക ലോഗിന്‍ സംവിധാനം ഒരുക്കി ഇസ്റ്റാമ്പ് ചെയ്ത മുദ്രപത്രം വാങ്ങാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഉത്തരവിലൂടെ അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.
ആധാരത്തില്‍ മഷിയില്‍ വിരല്‍ മുക്കി അടയാളം പതിക്കുന്ന പരമ്പരാഗതമായി നമ്മള്‍ പിന്തുടര്‍ന്ന് വന്നിരുന്ന സമ്പ്രദായവും ഒഴിവാക്കി പുതിയ ഒരു രീതിയും ഇവിടെ അവലംബിക്കുന്നുണ്ട്. ഇടപാടുകാരന്റെ വിരലടയാളവും ഫോട്ടോയും ഡിജിറ്റലായി രേഖപ്പെടുത്തുന്ന രീതിയിലേക്ക് മാറുകയാണ്. ഇതിനുള്ള ഉപകരണം സബ് രജിസ്ട്രാരുടെ ഓഫീസില്‍ ഇനി മുതല്‍ ലഭ്യമായിരിക്കും. കര്‍ണാടകയില്‍ ഈ സംവിധാനം പയറ്റി വിജയിച്ചിട്ടുണ്ട്.
വസ്തു വില്‍പ്പനയില്‍ ഏറെ തട്ടിപ്പുകള്‍ നടക്കുന്നതിനാല്‍ വില്‍ക്കുന്നയാള്‍ നിര്‍ബന്ധമായും സബ് രജിസ്ട്രാരുടെ മുന്നില്‍ ഹാജരാവണം എന്ന കാര്യത്തില്‍ നിലവില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല . അതോടൊപ്പം സ്ഥലം വില്‍ക്കുകയും, വാങ്ങുകയും ചെയ്യുന്ന ആളുടെ ഫോട്ടോയും ഇതേ മാതൃകയില്‍ ആധാരത്തില്‍ ഡിജിറ്റലായി സൂക്ഷിക്കുകയും ചെയ്യും. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിക്കുന്നതാണ് നിലവില്‍ നമ്മള്‍ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ കാലാന്തരത്തില്‍ ഫോട്ടോയും, വിരലടയാളവും അവ്യക്തമാവുന്നത് ഒഴിവാക്കാനാണ് ഇവ ഡിജിറ്റലായി പതിക്കുന്നത്. ഇതോടെ ആധാരങ്ങളെല്ലാം പൂര്‍ണമായും ഡിജിറ്റലാകും. മുന്‍ ആധാരങ്ങളുടെ പകര്‍പ്പുകളും ഓണ്‍ലൈനില്‍ ലഭ്യമാക്കാനുള്ള നടപടികളും നിലവില്‍ സ്വീകരിച്ചിട്ടുണ്ട്.