തിരുവനന്തപുരം: ബിജെപി സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നുണ്ടാകും. ഇ.ശ്രീധരന്‍ പാലക്കാട് നിന്ന് തന്നെ മത്സരിക്കും. എന്നാല്‍ വി.മുരളീധരന്‍ മത്സരിച്ചേക്കില്ല. കഴക്കൂട്ടത്ത് കെ.സുരേന്ദ്രനാണ് മത്സരിക്കുകയെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം.
ചെങ്ങന്നൂരില്‍ ആര്‍.ബാലശങ്കര്‍ വന്നേക്കില്ല. ബാലശങ്കറെ പ്രാദേശിക നേതൃത്വം എതിര്‍ത്തതിനെ തുടര്‍ന്നാണ് ഇത്. പകരം ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാറിനെ പരിഗണിക്കണമെന്നാണ് ആവശ്യം. മഞ്ചേശ്വരം, തൃശൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍ എന്നിവിടങ്ങളില്‍ തീരുമാനമായിട്ടില്ല.
ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി പുരോഗമിക്കുകയാണ്. വൈകിട്ടോടെ അന്തിമ പട്ടിക പൂര്‍ത്തിയാക്കും. പട്ടിക നാളെ കേന്ദ്ര നേതൃത്വത്തിന് നല്‍കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി നാളെ പട്ടിക പരിഗണിക്കും. ഈ മാസം 10, 11 തിയതികളിലായി സഥാനാര്‍ത്ഥി പ്രഖ്യാപനം പ്രതീക്ഷിക്കുന്നു.
അതേസമയം സിപിഎമ്മില്‍ സീറ്റുകളെ ചൊല്ലി പോസ്റ്റര്‍ യുദ്ധം രൂക്ഷമാകുകയാണ്. കളമശേരിയില്‍ ചന്ദ്രന്‍പിള്ളയെ മത്സരിപ്പിക്കണമെന്ന് പോസ്റ്റര്‍ പതിച്ചു. ചന്ദ്രന്‍ പിള്ളയെ മാറ്റല്ലേ ചന്ദ്രന്‍പിള്ളയും തടയില്ല എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. കളമശേരിയിലെ സ്ഥാനാര്‍ത്ഥി പി രാജീവിനെ മാറ്റണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആലുവ നിയോജക മണ്ഡലത്തില്‍ ഷില്‍ന നിഷാദിനെ സ്ഥാനാര്‍ത്ഥി ആക്കിയെങ്കിലും എതിര്‍പ്പ് ഉയരുകയാണ്. ജില്ലാ കമ്മിറ്റിയിലെ നാലു വനിത നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി.പാര്‍ട്ടിയില്‍ വനിതാ സഖാക്കള്‍ ഉണ്ടായിരുന്നിട്ടും പാര്‍ട്ടിയുമായി പുലബന്ധം പോലുമില്ലാത്ത സ്ത്രീയെ മത്സരത്തില്‍ ഇറക്കി എന്നാണ് പരാതി.
ഇതിനിടെ സിറ്റിംഗ് സീറ്റായ റാന്നി മണ്ഡലം കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ സിപിഐഎം പ്രാദേശിക നേതൃത്വത്തിലും എതിര്‍പ്പ് ഉണ്ട്. മണ്ഡലം കമ്മറ്റി യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളും തീരുമാനത്തെ എതിര്‍ത്തു. എതിര്‍പ്പു പ്രകടിപ്പിച്ചവരെ അനുനയിപ്പിക്കാനായി ഓരോ ലോക്കല്‍ കമ്മറ്റി കളിലും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ പങ്കെടുത്ത് കാര്യങ്ങള്‍ ധരിപ്പിക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് ലോക്കല്‍ കമ്മിറ്റികള്‍ വീതിച്ചു നല്‍കി.
എലത്തൂരില എകെ ശശീന്ദ്രനെത്തിരെയും പോസ്റ്റര്‍ വന്നിട്ടുണ്ട്. എല്‍ഡിഎഫ് വരണം അതിന് മന്ത്രി ശശീന്ദ്രന്‍ മാറണം എന്നും കറപുരളാത്ത കരങ്ങളെ കണ്ടെത്തണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെട്ടിരിക്കുന്നു.