KeralaNews

'ഹിന്ദുമതവികാരം വ്രണപ്പെടുത്തും'; തിരുനാവായ-തവനൂർ പാലം നിർമാണത്തിനെതിരെ ഇ ശ്രീധരൻ ഹൈക്കോടതിയിൽ

കൊച്ചി: ഞായറാഴ്ച നിർമാണം തുടങ്ങാനിരിക്കെ, തിരുനാവായ-തവനൂർ പാലം നിർമാണം ചോദ്യം ചെയ്ത് ഇ ശ്രീധരൻ ഹൈക്കോടതിയെ സമീപിച്ചു. റീ അലൈൻമെന്റിനുള്ള സാധ്യതകൾ പരിഗണിക്കാത്ത സംസ്ഥാന സർക്കാരിൻ്റെ നടപടിയെ ചോദ്യം ചെയ്താണ് അദ്ദേഹം ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തത്. ഭാരതപ്പുഴയുടെ തീരത്തുള്ള ക്ഷേത്രങ്ങളുടെ മതപരമായ പവിത്രതയെ ബാധിക്കാതെ കേരള സർക്കാർ പാലം നിർമ്മിക്കണമെന്നാണ് ആവശ്യമെന്ന് ഇ ശ്രീധരൻ പറഞ്ഞു. ലൈവ് ലോ അടക്കമുള്ള മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അലൈൻമെൻ്റ് പുനർ നിർമ്മിക്കുന്നതിനായി അദ്ദേഹം തൻ്റെ സേവനം സൗജന്യമായി കേരള സർക്കാരിന് വാഗ്ദാനം ചെയ്തു. 

തൻ്റെ അലൈൻമെൻ്റ് രീതി നടപ്പിലാക്കിയാൽ അത് ചെലവ് കുറഞ്ഞതായിരിക്കുമെന്നും ഇ ശ്രീധരൻ ചൂണ്ടിക്കാട്ടി. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനും കത്തെഴുതിയെങ്കിലും പ്രതികരണം ഉണ്ടാകാത്തതിനെ തുടർന്നാണ് ഇ ശ്രീധരൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി പരിഗണിച്ച് മറുപടി നൽകാൻ സർക്കാരിനോട് നിർദ്ദേശിച്ചു. ഭാരതപ്പുഴയുടെ വടക്കേ കരയിലുള്ള മലപ്പുറം ജില്ലയിലെ തിരുനാവായയിലെ മഹാവിഷ്ണു ക്ഷേത്രത്തെ നിർദിഷ്ട പാലം മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വേർതിരിക്കുമെന്നും ഹിന്ദു മത വിശുദ്ധിയെ ബാധിക്കുമെന്നും ഹിന്ദു ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുമെന്നും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടി.

പാലത്തിൻ്റെ നിലവിലെ അലൈൻമെൻ്റ് കെ കേളപ്പൻ്റെ സമാധിയിലേക്ക് കടന്നുകയറുമെന്നും അദ്ദേഹം പറയുന്നു.  ബദൽ അലൈൻമെൻ്റ് കൂടി പരിഗണിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്ന് ചൂണ്ടിക്കാട്ടിയ ഇ ശ്രീധരൻ ഞായറാഴ്ച നിർമാണം ആരംഭിക്കുമെന്ന് കോടതിയെ അറിയിച്ചു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി പാലക്കാട് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker