വിനേഷ് ഫോഗട്ട് ജുലാനയിൽ മത്സരിക്കും; ബജ്‌റംഗ് പുനിയ കിസാൻ കോൺഗ്രസ് വർക്കിങ് ചെയർമാൻ

ചണ്ഡീഗഢ്: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 31 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. വെള്ളിയാഴ്ച കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത ഗുസ്തി താരം വിനേഷ് ഫോഗട്ടും മത്സരരംഗത്തുണ്ട്. ജുലാന മണ്ഡലത്തില്‍നിന്നാണ് വിനേഷ് മത്സരിക്കുക. വിനേഷിനൊപ്പം ബജ്‌റംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

ഹരിയാണ മുന്‍ മുഖ്യമന്ത്രിയും ഹരിയാണ കോണ്‍ഗ്രസ് അധ്യക്ഷനുമായ ഭൂപീന്ദര്‍ സിങ് ഹൂഡയും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഗര്‍ഹി സാംപ്ല-കിലോയ് മണ്ഡലത്തില്‍നിന്നാണ് ഹൂഡ മത്സരിക്കുക. 31 പേരുടെ ലിസ്റ്റാണ് ആദ്യഘട്ടത്തില്‍ പുറത്തുവിട്ടത്.

അതിനിടെ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തതിനു പിന്നാലെ ബജ്‌റംഗ് പുനിയയെ അഖിലേന്ത്യാ കിസാന്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് ചെയര്‍മാനായി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പുറത്തിറക്കി. ഉത്തരവ് പ്രാബല്യത്തില്‍ വന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News