25.9 C
Kottayam
Friday, May 17, 2024

കരുവന്നൂരിലൊതുങ്ങില്ല,സിപിഎം നേതാവ് എം.കെ.കണ്ണൻ പ്രസിഡന്റായ ബാങ്കിലും ഇ.ഡി;തൃശൂരിൽ വ്യാപക റെയ്ഡ്

Must read

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിലെ കള്ളപ്പണ ഇടപാടിൽ അന്വേഷണം തുടരുന്നതിനിടെ, തൃശൂരിൽ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. ഇത്തവണ അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിലും തൃശൂർ സർവീസ് സഹകരണ ബാങ്കിലും ‌ആധാരമെഴുത്ത് സ്ഥാപനങ്ങളിലുമാണ് ഇ.ഡി പരിശോധന നടത്തുന്നത്. കരുവന്നൂർ സഹകരണ ബാങ്കിൽ പി.സതീഷ് കുമാർ നടത്തിയ കള്ളപ്പണ ഇടപാടുകളെപ്പറ്റി ആരംഭിച്ച ഇ.ഡി അന്വേഷണമാണ് കൂടുതൽ ബാങ്കുകളിലേക്കു നീളുന്നത്. സതീഷ് കുമാറിന്റെ ബെനാമികളുടെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്.

സിപിഎം നേതാവ് എം.കെ. കണ്ണൻ പ്രസിഡന്റായ ബാങ്കാണ് തൃശൂർ സർവീസ് സഹകരണ ബാങ്ക്. കേരള ബാങ്കിന്റെ വൈസ് പ്രസിഡന്റ് കൂടിയായ കണ്ണന്റെ സാന്നിധ്യത്തിലാണ് ഇ.ഡി റെയ്ഡെന്നാണു വിവരം. റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥർക്കൊപ്പം സായുധ സേനാംഗങ്ങളുമുണ്ട്. കരുവന്നൂർ ബാങ്കിലെത്തിച്ചു വെളുപ്പിച്ച കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് അടക്കം തൃശൂർ ജില്ലയിലെ 4 സഹകരണ ബാങ്കുകൾ വഴി പുറത്തേക്കു കടത്തിയെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു.

വിദേശത്തുനിന്നെത്തിച്ചു കള്ളപ്പണം വെളുപ്പിച്ചതിനു പുറമേ പൊലീസ് ഉദ്യോഗസ്ഥരുടേതടക്കം വൻതോതിൽ കൈക്കൂലിപ്പണവും സതീഷ് കുമാർ സഹകരണ ബാങ്കുകളിലൂടെ വെളുപ്പിച്ചിട്ടുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. മാസപ്പലിശയ്ക്കു സതീഷിന്റെ കയ്യിൽ പണം കൊ‌‌ടുക്കുകയായിരുന്നു ഇവരുടെ രീതി. ഇക്കൂട്ടത്തിൽ നീതിന്യായ മേഖലയിൽനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥനടക്കമുണ്ടെന്നു പരിശോധനയിൽ വ്യക്തമായി. ഇവരിൽനിന്നു സ്വരൂപിച്ച പണമടക്കം വിവിധ സഹകരണ ബാങ്കുകളിലെ ബെനാമി അക്കൗണ്ടുകളിൽ നിക്ഷേപിച്ചു വെളുപ്പിച്ചെടുക്കുകയായിരുന്നു സതീഷിന്റെ രീതി.

സിപിഎം ഭരിക്കുന്ന അയ്യന്തോൾ സഹകരണ ബാങ്കിലൂടെ പി.സതീഷ്കുമാർ 10 വർഷത്തിനിടെ വെളുപ്പിച്ചത് 40 കോടിയുടെ കള്ളപ്പണമാണെന്നാണു വിവരം. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള 5 അക്കൗണ്ടുകളിലേക്കു സതീഷ് കാഷ് ഡിപ്പോസിറ്റായ‍ി പണം നിക്ഷേപിച്ചശേഷം പിൻവലിച്ചതിന്റെ രേഖകൾ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) കണ്ടെടുത്തു. തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന വിദേശ അക്കൗണ്ടുകളിൽനിന്നു കോടികളുടെ കള്ളപ്പണം കരുവന്നൂർ ബാങ്കിലെത്തിച്ചു വെളുപ്പിച്ചെന്ന കേസിലാണു പി. സതീഷ്കുമാറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

ഇതിനു പുറമെ അയ്യന്തോൾ അടക്കം സിപിഎം ഭരിക്കുന്ന പത്തോളം സഹകരണ ബാങ്കുകളിലൂടെ കരുവന്നൂർ മോഡലിൽ സതീഷ് കള്ളപ്പണ ഇടപാടുകൾ നടത്തിയെന്നാണു വിവരം.

അയ്യന്തോൾ ബാങ്കിൽ 2013 ഡിസംബർ 12 മുതൽ 2023 സെപ്റ്റംബർ 5 വരെയുള്ള സതീഷിന്റെ ഇടപാടുകളുടെ രേഖ പരിശോധിച്ചതിൽനിന്ന് ഇ.ഡിക്കു വ്യക്തമായ വിവരങ്ങൾ:

∙ 2013 ഡിസംബർ 27നു മാത്രം 25 വ്യത്യസ്ത ഇടപാടുകളിലായി 50,000 രൂപ വീതം ആകെ 12.50 ലക്ഷം സതീഷിന്റെ അക്കൗണ്ടിലെത്തി. രണ്ടാഴ്ചയ്ക്കു ശേഷം ഇതിൽ 6 ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റി.

∙ 2014 മാർച്ച് 27ന് 20 ഇടപാടുകളിലായി 50,000 രൂപ വീതം ആകെ 10 ലക്ഷം രൂപ സതീഷിന്റെ അക്കൗണ്ടിലെത്തി. ഒരു മാസം കഴിഞ്ഞ് 9.5 ലക്ഷം പിൻവലിച്ചു.

∙ അതേവർഷം മേയ് 16നും 19നുമിടയ്ക്ക് 31 ഇടപാടുകളിലായി 50,000 രൂപ വീതം ആകെ 15.50 ലക്ഷം അക്കൗണ്ടിലെത്തി. ഏതാനും ദിവസം കഴിഞ്ഞ് 16 ലക്ഷം രൂപ പിൻവലിച്ചു.

∙ വീണ്ടും ഒരു മാസം കഴിഞ്ഞ് 35 ലക്ഷം പലതവണയായി അക്കൗണ്ടിലൂടെ കൈമറിഞ്ഞു പോയി.

∙ 2018 ജൂൺ ആറിന് ഒറ്റ ദിവസം 30 ലക്ഷം രൂപയുടെ കാഷ് ഡിപ്പോസിറ്റ്. ഇതിനിടെ പല ദിവസങ്ങളിലും 7–10 ലക്ഷം രൂപയുടെ കാഷ് ഡിപ്പോസിറ്റുകൾ.

∙ പണം നിക്ഷേപിച്ചതെല്ലാം കാഷ് ഡിപ്പോസിറ്റായിട്ടാണെങ്കിലും ഏറെയും പിൻവല‍ിച്ചത് മറ്റ് അക്കൗണ്ടുകളിലേക്കു മാറ്റിയ ശേഷമാണ്. ഇ.ഡി വിശദമായ റിപ്പോർട്ട് തേടിയതിനുപിന്നാലെ ബാങ്ക് സകല വിവരങ്ങളും സമർപ്പിച്ചിട്ടുണ്ട്.അന്വേഷിക്കുന്ന നേതാവിന്റെ ഭാര്യയും ഉദ്യോഗസ്ഥകരുവന്നൂർ സഹകരണ ബാങ്കിലെ 300 കോടിയുടെ തട്ടിപ്പ് അന്വേഷിക്കാൻ സിപിഎം നിയോഗിച്ച രണ്ടംഗ അന്വേഷണ കമ്മിഷനിൽ അംഗമായ ജില്ലാ സെക്രട്ടേറിയറ്റംഗത്തിന്റെ ഭാര്യ അയ്യന്തോൾ ബാങ്കിൽ ഉദ്യോഗസ്ഥയാണ്. സിപിഎം മുൻ ജില്ലാ സെക്രട്ടറിയുടെ മകളും ഇതേ ബാങ്കിൽ ജോലി ചെയ്യുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week