KeralaNews

‘കലയ്ക്ക് മതമില്ല, പാടുന്നോര്‍ പാടട്ടെ, ആടുന്നോര്‍ ആടട്ടെ’; മന്‍സിയക്ക് വേദിയൊരുക്കി ഡി.വൈ.എഫ്.ഐ

തൃശ്ശൂര്‍: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്തോല്‍സവത്തില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയ നര്‍ത്തകി മന്‍സിയക്ക് വേദിയൊരുക്കി നല്‍കി ഡിവൈഎഫ്‌ഐ. നൃത്തപരിപാടി അവതരിപ്പിക്കാന്‍ വിലക്കേര്‍പ്പെടുത്തിയ നടപടി ഇരുണ്ടകാലത്തെ അവശിഷ്ടങ്ങള്‍ പേറലാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും ഡിവൈഎഫ്‌ഐ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇരിങ്ങാലക്കുടയിലാണ് മന്‍സിയക്കായി വേദിയൊരുക്കിയത്. നൃത്തപരിപാടി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു.

പാടുന്നോര്‍ പാടട്ടെ, ആടുന്നോര്‍ ആടട്ടെ കലയ്ക്ക് മതമില്ലെന്ന സന്ദേശവുമായി ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. ‘ഹൈന്ദവരായ കലാകാരന്മാര്‍ക്കാണ് പരിപാടി അവതരിപ്പിക്കാന്‍ അവസരം എന്ന് വ്യക്തമായിയാണ് പത്രപരസ്യം’, എന്നായിരുന്നു സംഭവത്തില്‍ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്റെ വിശദീകരണം.

പരിപാടിക്കായി എഗ്രിമെന്റ് ഉണ്ടാക്കുന്ന സമയത്താണ് നര്‍ത്തകി തന്റെ പശ്ചാത്തലം വെളിപ്പെടുത്തുന്നതും മതമില്ലാതെയാണ് ജീവിക്കുന്നത് എന്ന് അറിയിക്കുന്നതും. ക്ഷേത്ര മതിലിനകത്തെ കൂത്തമ്പലത്തിലാണ് പരിപാടി നടന്നത്. ആചാരനുഷ്ടാനങ്ങള്‍ പ്രകാരം ക്ഷേത്രത്തിനകത്ത് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്നുമായിരുന്നു അദ്ദേഹം നടത്തിയ പ്രതികരണം.

ഏപ്രില്‍ 21ന് ആറാം ഉത്സവദിനത്തില്‍ ഉച്ചക്കുശേഷം നാലുമുതല്‍ അഞ്ചുവരെ ഭരതനാട്യം അവതരിപ്പിക്കാന്‍ നോട്ടീസിലടക്കം പേര് അച്ചടിച്ച ശേഷമാണ് ക്ഷേത്ര ഭാരവാഹികള്‍ മന്‍സിയക്ക് അവസരം നിഷേധിച്ചത്. അതേസമയം, സിപിഎം ഭരിക്കുന്ന ക്ഷേത്രത്തില്‍ സിപിഎമ്മിന്റെ ദേവസ്വം, നൃത്തപരിപാടി നടത്താന്‍ അവസരം നിഷേധിച്ചതിന് സംഘപരിവാറിനെതിരെ ഡിവൈഎഫ്‌ഐ പ്രതികരിക്കുന്നതെന്തിനാണെന്നാണ് ബിജെപി അനുകൂലികളുടെ ചോദ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button