സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് വില ഉയര്‍ന്നത്. പവന് 320 രൂപ കൂടി 39,200ല്‍ എത്തി. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 4900ല്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്.

കഴിഞ്ഞ ആഴ്ച പകുതി മുതല്‍ സ്വര്‍ണ വിലയില്‍ വര്‍ധനയാണ് പ്രകടമാവുന്നത്. ഒരാഴ്ചയ്ക്കിടെയുണ്ടാവുന്ന മൂന്നാമത്തെ വര്‍ധനയാണ് ഇപ്പോഴത്തേത്. ഈ ദിവസങ്ങളില്‍ പവന് കൂടിയത് 960 രൂപ. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു പവന്‍ വില. ഇതു പിന്നീട് കുറഞ്ഞ് 38,240 വരെ എത്തി. പിന്നീടു പടിപടിയായി വര്‍ധിക്കുകയായിരുന്നു.

ഏപ്രില്‍ നാലു മുതല്‍ ആറ് വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 38,240 രൂപയും ഒരു ഗ്രാമിന് 4,780 രൂപയുമായിരുന്നു വില. ഈ മാസം ആദ്യം ഒരു പവന്‍ സ്വര്‍ണത്തിന് 38,480 രൂപയായിരുന്നു വില.

റഷ്യ-യുക്രൈന്‍ യുദ്ധ പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ഉണ്ടായ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വില കഴിഞ്ഞമാസം ഉയര്‍ത്തിയത്. ട്രോയ് ഔണ്‍സിന് മാര്‍ച്ചില്‍ 2,000 ഡോളറിന് മുകളിലേക്ക് വില കുതിച്ചിരുന്നു. എന്നാല്‍ പിന്നീട് വില ഇടിഞ്ഞു. യുദ്ധ പ്രതിസന്ധി തന്നെയാണ് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ വില പെട്ടന്ന് വര്‍ദ്ധിപ്പിച്ചത്. ഡോളര്‍ കരുത്താര്‍ജിക്കുന്നതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ പിന്നീട് വില കുറയുകയായിരുന്നു.

മാര്‍ച്ച് ഒന്‍പതിന് പവന് 40,560 രൂപ വരെയായി സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഇതാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. എന്നാല്‍ ഉച്ചകഴിഞ്ഞ് 39,840 രൂപയായി വില ഇടിഞ്ഞിരുന്നു. മാര്‍ച്ച് ഒന്നിന് പവന് 37,360 രൂപയായിരുന്നു സ്വര്‍ണ വില. ഇതാണ് മാര്‍ച്ചിലെ ഏറ്റവും കുറഞ്ഞ നിരക്ക്. കഴിഞ്ഞ മാസം കൂടിയും കുറഞ്ഞുമായിരുന്നു സ്വര്‍ണ വില. മാര്‍ച്ചില്‍ പവന് 760 രൂപയുടെ വര്‍ധനയാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്.

ഫെബ്രുവരിയില്‍ പവന് 1,680 രൂപ വര്‍ധിച്ചിരുന്നു. ഫെബ്രുവരി ഒന്ന്,രണ്ട് തിയതികളില്‍ പവന് 35,920 രൂപയായിരുന്നു സ്വര്‍ണ വില. ഫെബ്രുവരി 24നാണ് ഫെബ്രുവരിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ വില എത്തിയത് . ഒരു പവന്‍ സ്വര്‍ണത്തിന് 37,800 രൂപയായിരുന്നു വില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News