തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൗജന്യ ഭക്ഷ്യ വിതരണം തടഞ്ഞതിനെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. തിരുവനന്തപുരം പാല്യം മാര്‍ക്കറ്റിന്റെ മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡിവൈഎഫ്‌ഐയുടെ എല്ലാ ബൂത്തുകളിലും ഇത്തരത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.
ജനക്ഷേമ പരിപാടികള്‍ അട്ടിമറിക്കുന്ന നടപടിയാണ് പ്രതിപക്ഷ നേതാവിന്റേത് എന്ന് ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കെപി പ്രമോദ് പറഞ്ഞു. ജനജീവിതത്തെ ബാധിക്കുന്ന കാര്യമാണ് ഇത്. അതിശക്തമായ സമരത്തിലേക്ക് പോകുന്നതിന്റെ സൂചനാസമരം മാത്രമാണ് ഇത് എന്നും പ്രമോദ് പറഞ്ഞു.
സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം അടുത്ത മാസത്തേയ്ക്കാണ് നീട്ടിയത്. വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ കിറ്റ് വിതരണമാണ് അടുത്ത മാസം ഒന്നിലേയ്ക്ക് നീട്ടിയത്.
മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം 31 ന് മുന്‍പ് കിറ്റ് വിതരണം ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഇതിന് ശേഷം അടുത്ത മാസം ആദ്യ ആഴ്ചയോടെ നീല, വെള്ള കാര്‍ഡുകാര്‍ക്കും കിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടല്‍ ഉണ്ടായതോടെ കിറ്റ് വിതരണം നീട്ടുകയായിരുന്നു.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്‍പ് കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തീരുമാനമെടുക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ അരി എത്തുന്നതില്‍ കാലതാമസം ഉണ്ടായി. ഇതോടെ വിതരണം വൈകി. പിന്നീട് വിതരണാനുമതി തേടി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചെങ്കിലും വിതരണത്തിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.