തിരുവനന്തപുരം: ഇടുക്കി കൊലപാതകത്തിലൂടെ കേരളത്തില്‍ കലാപത്തിന് ആഹ്വാനമാണ് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ നടത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. കൊലയാളികളെ പോലും നാണിപ്പിക്കുന്ന പ്രചരണമാണ് സുധാകരനും അനുയായികളും നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. രക്തം ദാഹിച്ച് നടക്കുന്ന ഡ്രാക്കുള സംഘമാണ് ഇന്ന് കോണ്‍ഗ്രസ്. ഇടുക്കിയിലെ എന്‍ജിനിയറിംഗ് കോളജ് കാമ്പസില്‍ ഒരു സംഘര്‍ഷവും ഉണ്ടായിരുന്നില്ല. പുറത്തു നിന്നും എത്തിയ സംഘമാണ് കൊലപാതകം നടത്തിയത്.
ബോധപൂര്‍വമുള്ള ഗൂഢാലോചനയാണുണ്ടായത്. കേരളത്തിലെ കാമ്പസുകളില്‍ കെഎസ്യുവിന് ആശയപരമായ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നതാണ് ഇടുക്കിയിലെ കൊലപാതകം തെളിയിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് കെഎസ്യു സംഘടനയിലുള്ളവരാണെന്ന പച്ചക്കള്ളമാണ് സുധാകരനും കൂട്ടാളികളും പറഞ്ഞു നടക്കുന്നതെന്നും സനോജ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ധീരജിന്റേത് സിപിഎം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. മരണവാര്‍ത്ത കേട്ടപ്പോള്‍ ആഹ്ലാദിക്കുകയായിരുന്നു സിപിഎം നേതാക്കള്‍. വിലാപ യാത്ര നടക്കുമ്പോള്‍ സിപിഎം മുതിര്‍ന്ന നേതാവ് എം.എ ബേബി ഉള്‍പ്പെടെയുള്ളവര്‍ തിരുവനന്തപുരത്തു മെഗാ തിരുവാതിര നടത്തി ആഘോഷിച്ചുവെന്നും സുധാകരന്‍ വിമര്‍ശിച്ചു.
ധീരജ് മരിച്ചശേഷം കണ്ണൂരില്‍ രക്തസാക്ഷി മണ്ഡപം പണിയാനാണ് സിപിഎമ്മുകാര്‍ ആദ്യം പോയത്. രക്തസാക്ഷിത്വം ആഹ്ലാദമാക്കാനാണ് കമ്യൂണിസ്റ്റുകാര്‍ക്ക് താല്‍പര്യമെന്നും സുധാകരന്‍ ആഞ്ഞടിച്ചു. സംസ്ഥാനത്ത് അക്രമം അരങ്ങേറുമ്പോള്‍ പോലീസിന് അനക്കമില്ല. പോലീസുകാര്‍ സിപിഎമ്മിന്റെ കിങ്കരന്മാര്‍ ആയിരിക്കുന്നുവെന്നും സുധാകരന്‍ വിമര്‍ശിച്ചു.
കെഎസ്യുവിലെ തന്റെ കുട്ടികള്‍ മുമ്പത്തെ പോലെയല്ല, രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. പലയിടത്തും യൂണിയനുകള്‍ പിടിച്ചു കഴിഞ്ഞു. ഇതൊക്കെ കണ്ട് വിറളി പൂണ്ടിരിക്കുകയാണ് എസ്എഫ്‌ഐക്കാര്‍. കെഎസ്യു പ്രവര്‍ത്തകരെ ഇല്ലാതാക്കാന്‍ പലയിടത്തും അക്രമ പരമ്പരയാണ് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും നടത്തുന്നതെന്നും സുധാകരന്‍ പറഞ്ഞു.