തൃശ്ശൂര്‍: ചാലക്കുടിയില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പോലീസ് ജീപ്പിന്റെ ചില്ല് തകര്‍ത്തു. ഐ.ടി.ഐ. തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ. വിജയിച്ചതിനെത്തുടര്‍ന്ന് നടത്തിയ ആഹ്ലാദപ്രകടനത്തിനിടെയാണ് സംഭവം.
ഐ.ടി.ഐ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എസ്.എഫ്.ഐ- എ.ബി.വി.പി. സംഘര്‍ഷമുണ്ടായിരുന്നു. പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന്, ഇരുഭാഗത്തിന്റേയും ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ പോലീസ് നിര്‍ദേശിച്ചിരുന്നു. ഇതാണ് പോലീസിനു നേരയുള്ള ആക്രമണത്തിന് പ്രകോപനമെന്നാണ് വിവരം.
എസ്.എഫ്.ഐ. ആഹ്ലാദപ്രകടനത്തിന് പിന്നാലെവന്ന പോലീസ് ജീപ്പിന്റെ ചില്ലാണ് തകര്‍ത്തത്. ഡി.വൈ.എഫ്.ഐ. ചാലക്കുടി ബ്ലോക്ക് പ്രസിഡന്റ് നിധിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. പ്രവര്‍ത്തകരെ അറസ്റ്റുചെയ്യാനെത്തിയപ്പോള്‍ പോലീസിനുനേരേയും ആക്രമണമുണ്ടായി.
തുടര്‍ന്നുണ്ടായ പോലീസ് ലാത്തിവീശലില്‍ സി.പി.എം. ഏരിയാസെക്രട്ടറി കെ.എസ്. അശോകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. നിധിന്‍ പുല്ലനെ കൊണ്ടുപോകുന്നത് തടയുന്നതിനായി ദേഹത്ത് കെട്ടിപ്പുണര്‍ന്ന് കിടക്കുമ്പോഴാണ് പോലിസിന്റെ അടിയേറ്റത്. പോലിസിന്റെ ലാത്തിവീശലില്‍ നിരവധി ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.