നീയിപ്പോള്‍ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് എനിക്ക് ചിന്തിക്കാനാകുന്നില്ല നിവിന്‍; ആശ്വാസ വാക്കുകളുമായി ദുല്‍ഖര്‍

കൊച്ചി നിവിന്‍ പോളിയുടെ പേഴ്‌സണല്‍ മേക്കപ്പ്മാന്‍ ഷാബു പുല്‍പ്പള്ളിയുടെ മരണം ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത്. ക്രിസ്തുമസ്സ് സ്റ്റാര്‍ തൂക്കാന്‍ മരത്തില്‍ കയറിയപ്പോഴുണ്ടായ വീഴ്ച്ചയിലെ ആന്തരിക രക്തസ്രാവമാണ് മരണ കാരണം . ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .

ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായിരുന്നു ഷാബുവിന്റെ അകാല മരണത്തില്‍ അനുശോചിച്ച് സിനിമാലോകം. ദുല്‍ഖര്‍ സല്‍മാന്‍ അജു വര്‍ഗീസ്, ആന്റണി വര്‍ഗീസ്, ഗീതു മോഹന്‍ദാസ് തുടങ്ങിയ താരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

10 വര്‍ഷമായി നിവിനൊപ്പം ജോലി ചെയ്തു വരികയായിരുന്ന ഷാബു നിവിന്റെ വലംകൈ ആയിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘പുതിയ തീരങ്ങള്‍’ മുതല്‍ നടന്‍ നിവിന്‍ പോളിയുടെ പേര്‍സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയിരുന്ന ഷാബു പുല്‍പ്പള്ളി ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായിരുന്നു. ഷാബുവിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനൊപ്പം നിവിനെയും കുടുംബത്തെയും ആശ്വസിപ്പിച്ചുകൊണ്ടാണ് ദുല്‍ഖറിന്റെ പോസ്റ്റ്.

‘ഷാബുവിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സിലും വിക്രമാദിത്യനിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ ഓര്‍മകള്‍ ഇപ്പോളുമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ വിയോഗം താങ്ങാനുള്ള ശക്തി ഉണ്ടാകട്ടെ. ഷൂട്ടിങ്ങിനിടെ ഞങ്ങളെ സഹായിക്കുന്നവരും ഒപ്പമുണ്ടാകുന്നവരുമൊക്കെ ഒരു കുടുംബം പോലെ ആയിത്തീരാറുണ്ട്. നീയിപ്പോള്‍ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് എനിക്ക് ചിന്തിക്കാനാകുന്നില്ല നിവിന്‍. ഈ നഷ്ടം നികത്താനാകില്ല. നിനക്കും റിന്നക്കും പ്രാര്‍ത്ഥനകളും സ്‌നേഹവും”, ദുല്‍ഖര്‍ കുറിച്ചു.

അജു വര്‍ഗീസ് ഷാബുവിനെ അനുസ്മരിച്ച് കുറിച്ചത് ഇങ്ങനെയായിരുന്നു : ”ഷാബു ഏട്ടാ… ആ കടം വീട്ടാന്‍ എനിക്കായില്ല … മറന്നതല്ല.. ഒരായിരം മാപ്പ് .. ന്തിനാ ഏട്ടാ ഇങ്ങനെ പോയേ..”.

ഷാബു നീ ഞങ്ങളുടെ ഹൃദയം തകര്‍ത്തു എന്നാണ് ഗീതു മോഹന്‍ദാസ് കുറിച്ചത്.

വയനാട് സ്വദേശിയാണ് ഷാബു. ഭാര്യ രശ്മി. രണ്ട് മക്കള്‍. മേക്കപ്പ്മാന്‍ ഷാജി പുല്‍പ്പള്ളി സഹോദരനാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News