സിനിമയ്ക്കായി വായ്പയെടൂത്ത് പണം മുടക്കിയാൽ കൊവിഡ് പോലുള്ള പ്രതിസന്ധികളുണ്ടാകുമ്പോൾ വലിയ നഷ്ട്ടമുണ്ടാകുമെന്ന് ദുൽഖർ സൽമാൻ. വേഫെറർ നിർമ്മാണ കമ്പനി എത്രയും വേഗം സ്വന്തം കാലിൽ നിൽക്കുന്ന ലാഭമുണ്ടാക്കാൻ കഴിയുന്ന കമ്പനിയായി മറ്റെയെടുക്കണം. വ്യക്തിപരമായ ആവശ്യത്തിനുണ്ടാക്കിയതല്ല ഇത്. കൂടുതൽ സിനിമകൾ വേഫെററിന്റെ ബാനറിൽ നിർമ്മിക്കണമെന്നും ദുൽഖർ അഭിപ്രായപ്പെട്ടു. ഒരു അഭിമുഖത്തിലാണ് ദുൽഖർ തന്റെ നിർമ്മാണ കമ്പനിയെക്കുറിച്ച് മനസുതുറന്നത്.
സ്വന്തം കാലിൽ നിൽക്കുന്ന ലാഭമുണ്ടാക്കാൻ കഴിയുന്ന കമ്പനിയായി ഇതിനെ മാറ്റിയെടുക്കണമെന്നാണ് ആഗ്രഹം. ഇപ്പോൾ സിനിമയ്ക്കായി വായ്പയെടുത്തൊക്കെ പണം മുടക്കി കഴിഞ്ഞാൽ കൊവിഡ് പോലുള്ള പ്രശ്നങ്ങളൊക്കെ വരുമ്പോൾ വലിയ നഷ്ടം വരും. ഞാൻ നിർമ്മാണ കമ്പനി ഒരിക്കലും വ്യക്തിപരമായ ആവശ്യത്തിനുണ്ടാക്കിയതല്ല. സിനിമയിൽ എന്റെ പ്രതിഫലം കൂട്ടാനോ ഒരു പടത്തിൽ എന്റെ ഷെയർ കൂട്ടാനോ വേണ്ടിയുള്ള സംരംഭമാണ് ഇതെനിന്നും ചിന്തിച്ചിട്ടില്ല. സിനിമയിൽ നിന്ന് കിട്ടുന്നത് പരമാവധി വേറെ സിനിമയിലേക്ക് നിക്ഷപിക്കാൻ കഴിയണം. എന്റേതുമാത്രമല്ലാത്ത സിനിമകളും നിർമ്മിക്കണം. ഇതൊക്കെയാണ് മനസിലുള്ളത്. ചെറിയ സിനിമകളായാലും അത് പരമാവധി വിജയിപ്പിക്കാൻ പറ്റണമെന്നും അതുപോലുള്ള സിനിമകളുമായി ആളുകൾ നമ്മുടെയടുത്തേക്ക് വരണമെന്നൊക്കെയുണ്ട്. എനിക്ക് വർഷം അഞ്ചാറ് പടമേ ചെയ്യാൻ പറ്റു. നിർമ്മാതാവ് എന്ന നിലയിൽ അതിൽ കൂടുതൽ ചെയ്യണമെന്നുണ്ട്. ഇതൊരു സെൽഫ് റണ്ണിങ് കമ്പനിയാക്കി മാറ്റണം. അതിനൊരു ടീമുണ്ടാവണം. റൈറ്റിംഗ് ഡിപ്പാർട്ട്മെന്റ് ഉണ്ടാകണം.
ഞാൻ സിനിമയിൽ വന്ന കാലത്ത് ഏറെ അവസരങ്ങൾ കിട്ടിയിട്ടുണ്ട്. സിനിമയിലേക്കെത്തുന്ന എല്ലാ പുതുമുഖങ്ങൾക്കും അത് ലഭിച്ചു കൊള്ളണമെന്നില്ല. കാമ്പുണ്ടായിട്ടും ഒരു എൻട്രി കിട്ടാത്ത താരങ്ങളും സിനിമകളും ഉണ്ട്. അവർക്ക് അവസരങ്ങൾ ഒരുക്കാൻ വേഫെറർ ഫിലിംസ് ശ്രമിക്കും. നമ്മുടെ നാട്ടിൽ ഒട്ടേറെ ചെറിയ സിനിമകൾ വമ്പൻ വിജയം നേടി വലിയ സിനിമകളായിട്ടുണ്ട്. അത്തരം ചിത്രങ്ങൾ നിർമ്മിക്കുന്നത് അഭിമാനമാണ്. ദുൽഖർ പറഞ്ഞു.
നിലവിൽ ദുൽഖർ അഭിനയിക്കുന്ന എല്ലാ ഭാഷകളിലുമുള്ള സിനിമകൾക്കും വേഫറെർ നിർമ്മിക്കുന്ന ചിത്രങ്ങൾക്കും ഫിയോക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. സല്യൂട്ട് എന്ന ചിത്രം ഒടിടിയിൽ നേരിട്ട് റിലീസ് ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് ഫിയോക്കിന്റെ തീരുമാനം. ദുൽഖർ സൽമാനുമായി ഇനി സഹകരിക്കില്ലെന്നും കരാർ വ്യവസ്ഥ ലംഘിച്ചതുകൊണ്ടാണ് ഈ തീരുമാനമെന്നും ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞിരുന്നു.