KeralaNews

ഹമീദിന് പല സ്ത്രീകളുമായും ബന്ധം, പുറത്തിറങ്ങിയാല്‍ ഞങ്ങളേയും കൊല്ലും; കഴിയുന്നത് ജീവഭയത്തോടെ: മകന്‍ ഷാജി

തൊടുപുഴ: തങ്ങളേയും കൊലപ്പെടുത്തുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നതായി ചീനിക്കുഴി കൂട്ടക്കൊലക്കേസിലെ പ്രതി ഹമീദിന്റെ മൂത്ത മകന്‍ ഷാജി. ഹമീദ് പുറത്തിറങ്ങിയാല്‍ തങ്ങളേയും കൊലപ്പെടുത്തുമെന്ന് ഭയമുണ്ട്. പിതാവിന് പല സ്ത്രീകളുമായും ബന്ധമുണ്ട്. അത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഹമീദിന് പരമാവധി ശിക്ഷ കിട്ടാന്‍ പോരാടുമെന്നും കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്റെ സഹോദരന്‍ ഷാജി പറഞ്ഞു

ഞങ്ങളേം അവനേം തട്ടിക്കളയുമെന്ന് ഹമീദ് പലരുടെയും അടുത്ത് പറഞ്ഞിട്ടുണ്ട്. പെരുമ്പാവൂരിലുള്ള ജ്യേഷ്ഠന്മാരോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പ്രദേശത്തെ ഒരു നേതാവിനോട് ഞാന്‍ അവരെ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും ഷാജി വെളിപ്പെടുത്തി. മുമ്പും ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. 30 വര്‍ഷം മുമ്പ് വീട്ടില്‍ നെല്ലു പുഴുങ്ങാന്‍ നിന്ന സ്ത്രീയോടൊപ്പം വാപ്പ പോയിരുന്നു. അന്നുമുതലേ തങ്ങള്‍ക്കെതിരെ കേസുകള്‍ കൊടുത്തിരുന്നു.

കോടതികളിലും കളക്ടറേറ്റിലും പൊലീസ് സ്റ്റേഷനുകളിലുമെല്ലാം കേസ് കൊടുത്തിട്ടുണ്ട്. അനിയന്‍ ഫൈസലിന്റെ ഒപ്പമാണ് താമസിക്കുന്നതെന്നും ഭക്ഷണവും വസ്തരിവുമെല്ലാം ലഭിക്കുന്നു എന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കഴമ്പില്ലെന്ന് കാണിച്ച് കളക്ടറേറ്റിലെ കേസ് തീര്‍പ്പാക്കിയിരുന്നു. തങ്ങള്‍ക്ക് തന്ന സ്വത്ത് ഇഷ്ടദാനം തന്നത് റദ്ദാക്കി തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് പുതിയ കേസ് നല്‍കിയിട്ടുള്ളത്. വല്ലുപ്പയെയും വല്ലുമ്മയെയും താനാണ് നോക്കിയത്. അന്ന് ഫൈസല്‍ ഗള്‍ഫിലാണ്.

തങ്ങള്‍ക്ക് ലഭിച്ച സ്വത്തുക്കളും തനിക്ക് വേണമെന്ന് ആവശ്യപ്പെട്ട് ഹമീദ് കേസ് നല്‍കിയിട്ടുണ്ടെന്ന് ഷാജി പറഞ്ഞു.ഞങ്ങളെ അവസാനിപ്പിക്കുക എന്നതു മാത്രമാണ് വാപ്പയുടെ ലക്ഷ്യം. അദ്ദേഹത്തിന്റെ കയ്യില്‍ ഇപ്പോഴും മൂന്നു നാലു ലക്ഷം രൂപ പണമായി ഉണ്ട്. കൂടാതെ യാതൊരു ബാധ്യതയുമില്ലാത്ത 65 സെന്റു സ്ഥലവും ഉണ്ട്. അതുകൊണ്ടു തന്നെ സ്വത്തിനു വേണ്ടിയാണ് കൊലപാതകം ചെയ്തതെന്ന് വിശ്വസിക്കുക പ്രയാസമാണ്. വാപ്പ ഇഷ്ടദാനം നല്‍കിയ 45 സെന്റ് പറമ്പിലും വീടിരിക്കുന്ന 10 സെന്റ് സ്ഥലത്തും മരണം വരെ കിടക്കുന്നതിനും ആദായം എടുക്കുന്നതിനും വാപ്പയ്ക്ക് അവകാശം ഉള്ളതാണ്.

ഹമീദിന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിയാവുന്ന നിയമനടപടികളെല്ലാം ചെയ്യും. അദ്ദേഹം പുറത്തിറങ്ങിയാല്‍ ഞങ്ങളേയും കൊല്ലും. പേടിയാണ്. അദ്ദേഹം വണ്ടിക്കകത്ത് പെട്രോള്‍ കരുതിക്കൊണ്ടാണ് നടന്നതെന്നാണ് പറഞ്ഞിട്ടുള്ളതെന്നും ഷാജി വ്യക്തമാക്കി.മക്കള്‍ക്കെതിരെ 50 തിലേറെ കേസുകളാണ് കൊടുത്തിട്ടുള്ളത്. കേസുകള്‍ ഞങ്ങള്‍ക്ക് അനുകൂലമായാണ് വന്നത്. അപ്പോഴും വാപ്പയ്ക്കെതിരെ ഞങ്ങള്‍ കേസ് കൊടുത്തിരുന്നില്ല.

സഹികെട്ട് കഴിഞ്ഞ ദിവസമാണ് അനിയന്‍ മുഹമ്മദ് ഫൈസല്‍ വാപ്പക്കെതിരെ ഒരു കേസ് കൊടുത്തത്. അവന്റെ ചെറിയ കുഞ്ഞിനെ ഉപദ്രവിച്ചപ്പോഴാണ് അങ്ങനെയൊരു കേസ് കൊടുക്കേണ്ടി വന്നത്. സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കില്ലെന്നും കൊല്ലുമെന്നും പല പ്രാവശ്യം പറഞ്ഞിരുന്നുവെന്നും ഷാജി വെളിപ്പെടുത്തി. തൊടുപുഴ ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെയാണ് ഹമീദ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. പിതാവ് ഹമീദിനെ പൊലീസ് റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker