എട്ട് വർഷമായി പോലീസ് പിടിയിൽ അകപ്പെടാതെ കഴിഞ്ഞ യു.കെയിലെ കൊടും ക്രിമിനലിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു
എട്ട് വർഷമായി പിടികിട്ടാപ്പുള്ളിയായി കഴിഞ്ഞ യു.കെ യിലെ കൊടും ക്രിമിനൽ മൈക്കൽ പോൾ മൂഗനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ വ്യാജ മേൽവിലാസത്തിൽ ദുബായിൽ കഴിഞ്ഞുവരികയായികരുന്നു.
പിടിയിലായ മൈക്കൽ പോൾ മൂഗൻ യുകെയിൽ വലിയ തോതിലുള്ള മയക്കുമരുന്ന് കടത്ത് ഗൂഢാലോചനയിൽ പങ്കുള്ളയാളാണ്. ഇയാൾക്കെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് നൽകിയതിനെ തുടർന്നാണ് ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്.
ലിവർപൂളിലെ ക്രോക്സ്റ്റെത്തിൽ നിന്നുള്ള മോഗൻ (35) റോട്ടർഡാമിലെ ഒരു കഫേയിൽ നടന്ന റെയ്ഡിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ആഴ്ചയിൽ നൂറുകണക്കിന് കിലോഗ്രാം കൊക്കെയ്ൻ യുകെയിലേക്ക് കൊണ്ടുവരാനുള്ള ഗൂഢാലോചന ഇവിടെ നടന്നതായി പോലീസ് പറയുന്നു. പിടികിട്ടാപ്പുള്ളിയായി കൊടും ക്രിമിനലിനെ കസ്റ്റഡിയിൽ എടുത്തതിന് യു.കെയിലെ ദേശീയ ക്രൈം ഏജൻസി ദുബായ് പോലീസിന് നന്ദി അറിയിച്ചു.
പ്രതി മറ്റൊരു പേരും, മേൽവിലാസവും ഉപയോഗിച്ചിട്ടുണ്ടെങ്കിലും അന്വേഷണ സംഘത്തിന് തിരിച്ചറിയാൻ കഴിഞ്ഞതായും, തിരിച്ചറിഞ്ഞ ഉടൻ തന്നെ പ്രതിയെ തങ്ങളുടെ നിരീക്ഷണത്തിലാക്കിയതായും , ജനറൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സേലം അൽ ജല്ലഫ് പറഞ്ഞു.
പ്രതിയെ പിടികൂടാൻ കഴിഞ്ഞത് ദുബായ് പൊലീസിലെ ക്രിമിനൽ ഡാറ്റാ അനാലിസിസ് സെന്ററിന്റെ പ്രാഗൽഭ്യം കൊണ്ടാണെന്നും, മൊഗാനെ തിരിച്ചറിയുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ തങ്ങൾക്ക് കഴിഞ്ഞതായും ദുബായ് പോലീസിലെ വാണ്ടഡ് പേഴ്‌സൺസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ സയീദ് അൽ കംസി വ്യക്തമാക്കി.