സൽമാന്റെ വസതിക്കു നേരെ വെടിവയ്പ്: കസ്റ്റഡിയിൽ ജീവനൊടുക്കി ഒരു പ്രതി

മുംബൈ ∙ നടൻ സൽമാൻ ഖാൻ്റെ വീടിനു പുറത്ത് വെടിയുതിർത്ത കേസിലെ പ്രതികളിലൊരാൾ ആത്മഹത്യ ചെയ്തു. അനൂജ് തപാൻ (32) ആണു മരിച്ചത്. കസ്റ്റഡിയിലായിരുന്ന അനൂജ് ആത്മഹത്യയ്ക്കു ശ്രമിച്ചെന്നും മുംബൈയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പൊലീസ് അറിയിച്ചു. ഏപ്രിൽ 26ന് പഞ്ചാബിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാവിലെ പതിനൊന്നോടെ ലോക്കപ്പിനോട് ചേർന്നുള്ള ശുചിമുറിയിലാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണു വിവരം. നാലഞ്ചു പൊലീസുകാരുടെ കാവലിലാണു പ്രതി ലോക്കപ്പിൽ കഴിഞ്ഞിരുന്നത്. ഇയാളും മറ്റൊരു പ്രതിയായ സോനു സുഭാഷ് ചന്ദറും ചേർന്ന് ഏപ്രിൽ 14ന് സൽമാന്റെ മുംബൈയിലെ വസതിക്കു പുറത്ത് വെടിവച്ചെന്നാണു കേസ്. അനൂജ് ജീവനൊടുക്കാൻ എന്താണു കാരണമെന്ന് അന്വേഷിക്കണമെന്നു പൊലീസ് പറഞ്ഞു.

ലോക്കപ്പിലെ മരണം കൊലപാതകമായാണു റിപ്പോർട്ട് ചെയ്യപ്പെടുകയെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പൊലീസുകാരെയും സിഐഡി വിഭാഗം ചോദ്യം ചെയ്യുമെന്നും മഹാരാഷ്ട്രയിലെ മുതിർന്ന മുൻ പൊലീസ് ഉദ്യോഗസ്ഥൻ പി.കെ.ജെയിൻ ദേശീയ മാധ്യമത്തോടു പറഞ്ഞു. വെടിയുതിർത്തതായി ആരോപിക്കപ്പെടുന്ന വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരും കസ്റ്റഡിയിലുണ്ട്. ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുമായി 4 പ്രതികൾക്കും ബന്ധമുണ്ടെന്നാണു സൂചന.

ബാന്ദ്രയിലെ താരത്തിന്റെ വീടായ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിനുനേരേ ഏപ്രില്‍ 16 ഞായറാഴ്ച പുലര്‍ച്ചെ 4.55-ഓടെയായിരുന്നു വെടിവെപ്പ്. സംഭവം നടക്കുമ്പോള്‍ സല്‍മാന്‍ഖാന്‍ വീട്ടിലുണ്ടായിരുന്നെന്ന് മുംബൈ പോലീസ് പറഞ്ഞു.

ബൈക്കിലെത്തിയ അക്രമികള്‍ മൂന്നുറൗണ്ട് വെടിയുതിര്‍ത്തു. അക്രമികള്‍ പള്ളിക്ക് സമീപം വാഹനം ഉപേക്ഷിച്ച് കുറച്ചുദൂരം നടന്ന് ഓട്ടോറിക്ഷയില്‍ ബാന്ദ്ര റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതും സി.സി.ടി.വി. ദൃശ്യത്തിലുണ്ടായിരുന്നു.

ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിലെ ആദ്യനിലയിലാണ് ഒരു ബുള്ളറ്റ് പതിച്ചത്. വിദേശനിര്‍മിത തോക്കാണ് അക്രമികള്‍ ഉപയോഗിച്ചതെന്നാണ് വിവരം. മുംബൈ ക്രൈംബ്രാഞ്ചിനാണ് കേസിന്റെ അന്വേഷണം. പത്തുപേരടങ്ങുന്ന പ്രത്യേക അന്വേഷണസംഘത്തെയും രൂപവത്കരിച്ചിരുന്നു. നിലവില്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന വ്യക്തിയാണ് സല്‍മാന്‍ഖാന്‍.

വെടിവെപ്പിന് പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘമെന്ന് മുംബൈ പോലീസ് പറഞ്ഞിരുന്നു. ബിഷ്‌ണോയിയുടെ സംഘത്തെ നയിക്കുന്ന രാജസ്ഥാനിലെ രോഹിത് ഗോദരയാണ് ആസൂത്രകന്‍. സല്‍മാന്‍ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവമാണ് ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ വിരോധത്തിനു കാരണം.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News