തിരുവനന്തപുരം: പാറശ്ശാലയിൽ പോലീസിന് നേരെ മദ്യപ സംഘത്തിന്റെ ആക്രമണം. സംഘം ചേർന്ന് മദ്യപിക്കുന്നതായുളള പരാതി അന്വേഷിക്കുവാനെത്തിയ എസ്.ഐ ഉൾപ്പെടെയുള്ള പോലീസുകാരെ ഹെൽമറ്റ് ഉപയോഗിച്ച് സംഘം ചേർന്ന് അക്രമിക്കുകയായിരുന്നു. സംഭവത്തിൽ എട്ട് പേരെ പോലീസ് പിടികൂടി. രണ്ട് പേർ രക്ഷപ്പെട്ടു.
ചെങ്കൽ അലത്തറവിളാളം എസ്.എസ് ഭവനിൽ സാജൻ.എസ്.പി(37), അലത്തറവിളാകം വീട്ടിൽ കിട്ടു എന്ന് അറിയപ്പെടുന്ന റോഷിൻ സാംരാജ്(23), അലത്തറവിളാകം വീട്ടിൽ സച്ചു എന്ന് അറിയപ്പെടുന്ന പ്രിയേഷ്(29), അലത്തറവിളാകം വീട്ടിൽ ജോയ്കുട്ടി (34), ആറയ്യൂർ അലത്തറവിളാകം പുത്തൻവീട്ടിൽ ജിജോ(28), ആറയ്യൂർ അലത്തറവിളാകം സുധീഷ് ഭവനിൽ സുധീഷ് (29), ആറയ്യൂർ അലത്തറവിളാകം വി.എസ്.ഭവനിൽ വിനോദ് (40), ആറയ്യൂർ അലത്തറവിളാകം വീട്ടിൽ അഖിൽ(29) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ആറയ്യൂർ അലത്തറവിളാകം മൈതാനത്തിന് സമീപം ഒരു സംഘമാളുകൾ മദ്യപിച്ച് ബഹളം കൂട്ടുന്നതായുളള പരാതിയിൽ അന്വേഷണം നടത്തുന്നതിനായാണ് പാറശ്ശാല പോലീസ് സ്ഥലത്ത് എത്തിയത്. പോലീസിനെ കണ്ട് പ്രകോപിതരായ പ്രതികൾ പോലീസിന് നേരെ അസഭ്യവർഷംനടത്തുകയും ആക്രമിക്കുകയുമായിരുന്നു.
ഗ്രേഡ് എസ്.ഐ രതീഷ് കുമാറിന്റെ യൂണിഫോം അക്രമികൾ വലിച്ച് കീറുകയും പോലീസ് സംഘത്തെ തടഞ്ഞ് വയ്ക്കുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എസ്.ഐയെയും ഇവർ ആക്രമിച്ചു. എസ്.ഐയുടെ വിരലിന് പരിക്കേറ്റു. തുടർന്ന് കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തിയതും പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. രക്ഷപ്പെടാൻ ശ്രമിച്ചവരെ പിന്തുടർന്ന പോലീസ് സംഘം എട്ട് പേരെ പിടികൂടി. മറ്റ് രണ്ട് പ്രതികൾക്കായി പോലീസ് അന്വേഷണം നടത്തി വരുകയാണ്.