മദ്യലഹരിയില്‍ അച്ഛന്‍ മൂന്നു വയസുകാരിയുടെ തല കസേരയ്ക്കടിച്ചു പൊട്ടിച്ചു; പരാതിയുമായി അമ്മ

പാറശ്ശാല: മദ്യലഹരിയില്‍ അച്ഛന്റെ മര്‍ദനത്തില്‍ മൂന്നു വയസുകാരിക്ക് പരിക്ക്. പ്ലാസ്റ്റിക് കസേരകൊണ്ട് കുഞ്ഞിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെതിരെ ഭാര്യ പോലീസില്‍ പരാതി നല്‍കി. സംസ്ഥാനാതിര്‍ത്തിയായ ചെങ്കവിളയിലാണ് സംഭവമുണ്ടായത്.

പണം ആവശ്യപ്പെട്ട് ഭര്‍ത്താവ് വിജുകുമാര്‍ മകളെയും തന്നെയും നിരന്തരം മര്‍ദിക്കാറുണ്ടെന്നാണ് കാരോട് അയിര സ്‌കൂളിനു സമീപം ഒറ്റവീട്ട് വിളാകം ഷിജിന്‍ഭവനില്‍ ചിഞ്ചു (28) പരാതിയില്‍ പറഞ്ഞത്. തിങ്കളാഴ്ച വൈകീട്ട് മദ്യലഹരിയിലെത്തിയ വിജുകുമാര്‍ ചിഞ്ചുവിനെ മര്‍ദിക്കുകയും തല പിടിച്ച് ചുവരില്‍ തുടര്‍ച്ചയായി ഇടിക്കുകയും ചെയ്തു.

തുടര്‍ന്നാണ് പ്ലാസ്റ്റിക് കസേരയെടുത്ത് മൂന്ന് വയസ്സുള്ള മകള്‍ ആന്‍മരിയയുടെ തലയില്‍ അടിക്കുകയും ചെയ്തതായി പറയുന്നു. പ്ലാസ്റ്റിക് കസേര കൊണ്ടുള്ള അടിയില്‍ ആന്‍മരിയയുടെ തലയില്‍നിന്നു രക്തം വരുന്നതു കണ്ട് വിജുകുമാര്‍ പുറത്തേക്കു പോയി. ചിഞ്ചു കുട്ടിയുമായി പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തി ചികിത്സ തേടി.

രണ്ടുവര്‍ഷമായി ഭര്‍ത്താവ് തന്നെ മര്‍ദിക്കുമായിരുന്നെന്ന പരാതി കുളച്ചല്‍ വനിതാ പോലീസ് സ്റ്റേഷനില്‍ ചിഞ്ചു നല്‍കിയത്. വിവാഹത്തിനു വീട്ടില്‍ നിന്ന് നല്‍കിയ സ്വര്‍ണം വിറ്റ് മദ്യപിച്ച ശേഷം കൂടുതല്‍ പണം ആവശ്യപ്പെട്ടാണ് മര്‍ദനം തുടര്‍ന്നിരുന്നത്. വിജുകുമാറിന്റെയും കുടുംബത്തിന്റേയും പീഡനങ്ങള്‍ക്കെതിരെ മുന്‍പ് കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലും കുളച്ചല്‍ വനിതാ സ്റ്റേഷനിലും ചിഞ്ചു പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നടപടിയുണ്ടായില്ലെന്നും ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News