കൊച്ചി: മുതിര്‍ന്ന സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കാനുള്ള തീരുമാനത്തിനെതിരേ മകള്‍ ആശാ ലോറന്‍സ് രംഗത്തെത്തിയതോടെയാണ് പൊതുദര്‍ശനത്തിനിടെ കയ്യാങ്കളി അരങ്ങേറിയത്.
എറണാകുളം ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ എം.എം. ലോറന്‍സിന് ഔദ്യോഗിക ബഹുമതി നല്‍കി. ഇതവസാനിച്ച ഉടനേ സി.പി.എം. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കാന്‍ ആരംഭിച്ചു. ഇതോടെ ആശ ശവപേടകത്തിന് മുകളില്‍ കെട്ടിപ്പിടിച്ച് അച്ഛന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കാനാവില്ലെന്ന് പറഞ്ഞു. മുദ്രാവാക്യം വിളികള്‍ അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍, സി.പി.എം. പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് അവരെ മാറ്റി. ഇതിനിടെ ആശയും മകനും താഴെവീണു.
ഇതിനു ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മൃതദേഹം ഇപ്പോള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ലോറന്‍സിന്‍റെ മൃതദേഹം ക്രിസ്ത്യന്‍ മതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ആശയുടെ ഹര്‍ജിയിലാണ് നിര്‍ദേശം. അനാട്ടമി ആക്ട് പ്രകാരം കളമശ്ശേരി മെഡിക്കല്‍ കോളേജ് തീരുമാനം എടുക്കണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
അതേസമയം, പിതാവിന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചതെന്ന് മകന്‍ സജീവ് പറഞ്ഞു. സംഘപരിവാര്‍- ബി.ജെ.പി. ശക്തികളാണ് സഹോദരി ആശയുടെ നിലപാടിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.