ലെബനനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം; 100 മരണം,കനത്ത നാശം
ബയ്‌റുത്ത്: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 100-ഓളം പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍. 400-ലേറെപ്പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ തെക്കന്‍ ലെബനനിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ശത്രുക്കള്‍ ആക്രമണം നടത്തുന്നതായി മന്ത്രാലയം വ്യക്തമാക്കി.
300-ഓളം ഹിസ്ബുള്ള കേന്ദ്രങ്ങളെ തിങ്കളാഴ്ച ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം എക്‌സില്‍ കുറിച്ചു. കൂടുതല്‍ ആക്രമണങ്ങള്‍ക്ക് തലവന്‍ ഹെര്‍സി ഹെലവി അനുമതി നല്‍കിയതായും ഐ.ഡി.എഫ്. വ്യക്തമാക്കി.
ഹിസ്ബുള്ള ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്ക് സമീപത്തുനിന്ന് മാറാന്‍ ആവശ്യപ്പെട്ട് ടെക്‌സ്റ്റ്- വോയിസ് മെസേജുകള്‍ ലഭിച്ചുവെന്ന് തെക്കന്‍ ലെബനനിലെ താമസക്കാരെ ഉദ്ധരിച്ച് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുള്ളയുടെ കീഴിലുള്ള ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ സ്വയരക്ഷക്കുവേണ്ടി മാറി താമസിക്കണമെന്നും സന്ദേശങ്ങളില്‍ ആവശ്യപ്പെടുന്നു. നേരത്തെ, ഇസ്രയേല്‍ സൈന്യത്തിന്റെ വക്താക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച മുന്നറിയിപ്പുകള്‍ക്ക് സമാനമാണ് ഈ സന്ദേശമെന്നും ബി.ബി.സി. റിപ്പോര്‍ട്ടുചെയ്തു.
ഇത്തരത്തിലൊരു സന്ദേശം തന്റെ ഓഫീസിനും ലഭിച്ചതായി ലെബനന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി സ്ഥിരീകരിച്ചു. 80,000ത്തിലേറെ ഇത്തരം കോളുകള്‍ വന്നതായി ഔദ്യോഗിക ടെലികോം സേവനദാതാക്കളായ ഒഗേറോ അറിയിച്ചു.
അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ നിര്‍ത്തിവെക്കാന്‍ തെക്കന്‍ ലെബനനിലെ എല്ലാ ആശുപത്രികള്‍ക്കും ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. അത്യാഹിതവിഭാഗത്തില്‍ പരിക്കേറ്റ് എത്തുന്നവര്‍ക്ക് ചികിത്സ നല്‍കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നിര്‍ത്തണം. തിങ്കളാഴ്ച രാവിലെ മുതല്‍ നടന്ന വ്യോമാക്രമണത്തില്‍ പരിക്കേറ്റ് നൂറുകണക്കിന് ആളുകളാണ് ആശുപത്രികളില്‍ എത്തുന്നത്. തെക്കന്‍ ലെബനനിലും ബയ്‌റുത്തിലും സ്‌കൂളുകള്‍ക്ക് രണ്ടുദിവസം അവധി പ്രഖ്യാപിച്ചു.