പ്രമുഖ നാടകകൃത്ത് ആലത്തൂര്‍ മധു വീടിനു സമീപത്ത് മരിച്ച നിലയില്‍

കോട്ടയം: പ്രമുഖ പ്രൊഫഷണല്‍ നാടകകൃത്ത് ആലത്തൂര്‍ മധുവിനെ വീടിനു സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ രാവിലെ കാണാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തെരച്ചിനിടയിലാണ് ഇന്ന് രാവിലെ 6.30 ഓടെ വീടിനു സമീപത്തു മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലം ചൈതന്യയ്ക്കായി മധു രചിച്ച അര്‍ച്ചനപ്പൂക്കള്‍ എന്ന നാടകത്തിന് മികച്ച നാടകകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.

കൊല്ലം ചൈതന്യ, ത്രിപ്പൂണിത്തുറ സൂര്യ, ചേര്‍ത്തല ഷൈലജ തിയറ്റേഴ്‌സ് തുടങ്ങിയ പ്രമുഖ നാടകട്രൂപ്പുകള്‍ക്കായി ആലത്തൂര്‍ മധു രചിച്ച 20 ഓളം നാടകങ്ങളില്‍ ഭൂരിഭാഗവും വന്‍ വിജയം നേടിയിരുന്നു. ത്രിപ്പൂണിത്തുറ സൂര്യയ്ക്കായി അയോധ്യാകാണ്ഡം എന്ന നാടകം രചിച്ചാണ് കലാരംഗത്തേക്കു വന്നത്.

ഏതാനും വര്‍ഷങ്ങളായി അസുഖബാധിതനായി ചികില്‍സയിലായതോടെ കലാരംഗത്തു നിന്നു വിട്ടു നില്‍ക്കുകയായിരുന്നു. ഭാര്യ ഷീബ (എരുമേലി അംബുജം) നാടകനടിയാണ്. മക്കള്‍: അര്‍ച്ചന, ഗോപിക. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News