KeralaNews

‘വലതുകൈ ഉയർത്തി, മുഷ്ടി ചുരുട്ടി, ചുണ്ടുകൾ പതുക്കെ അനക്കി പറഞ്ഞു, ലാൽസലാം’; ഐസിയു അനുഭവം പറഞ്ഞ് ഡോ.ജോ ജോസഫ്

കൊച്ചി: ഐ സി യുവിലെ വ്യത്യസ്ഥമായ അനുഭവം പങ്കുവച്ച് ഡോ. ജോ ജോസഫ് രംഗത്ത്. എട്ടു വർഷമായി ചികിത്സയിലുള്ള ഒരു രോഗിയുടെ അനുഭവമാണ് തൃക്കാക്കര ഉപ തെരഞ്ഞെടുത്തിൽ ഇടതു സ്ഥാനാർത്ഥിയായി കളത്തിലിറങ്ങിയ ജോ ജോസഫ് വിവരിച്ചത്. എട്ട് വ‍ർഷത്തിനിടെ ഒരിക്കൽ പോലും നിരാശനായോ ദുഃഖിതനായോ കണ്ടിട്ടില്ലാത്ത രോഗി ഏറ്റവുമൊടുവിൽ വലതുകൈ അൽപ്പം ഉയർത്തി, മുഷ്ടി ചുരുട്ടി, ചുണ്ടുകൾ പതുക്കെ അനക്കി ‘ലാൽസലാം സഖാവേ’ എന്ന് പറഞ്ഞതിന്‍റെയും ഐ സി യുവിൽ വെച്ച് മുഷ്ടിചുരുട്ടി പ്രത്യഭിവാദ്യം ചെയ്തതിന്‍റെയും വിവരങ്ങളാണ് ജോ ജോസഫ് പങ്കുവച്ചത്.

ജോ ജോസഫിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ

മനസ്സു കുളിർപ്പിച്ച വിപ്ലവാഭിവാദ്യം

രവീന്ദ്രനെ ഞാൻ ഇന്ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു ഏകദേശം എട്ടു വർഷമായി എന്റെ  പരിചരണത്തിലുള്ള രോഗിയാണ് അദ്ദേഹം. രോഗിയെന്നതിലപ്പുറം വളരെ അടുത്ത ആത്മബന്ധം പുലർത്തുന്ന സുഹൃത്ത്. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞതാണെങ്കിലും ഹൃദ്രോഗസംബന്ധമായ അസ്വസ്ഥതകൾ അദ്ദേഹത്തെ ഇടക്കിടെ അലട്ടിയിരുന്നു.  പക്ഷേ ഒരിക്കൽ പോലും നിരാശനായോ ദുഃഖിതനായോ കണ്ടിട്ടില്ല. 

കഴിഞ്ഞയാഴ്ചയാണ് വീണ്ടും അദ്ദേഹം കടുത്ത ശ്വാസംമുട്ടൽ മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. രോഗം മൂർഛിച്ചിരുന്നതിനാൽ വെന്റിലേറ്ററിലേക്ക്  മാറ്റി. ദിവസങ്ങളോളം നില ഗുരുതരമായി തുടർന്നു. ഹൃദയത്തിന്റെ പ്രവർത്തനം വളരെ മോശമായ അവസ്ഥ, അതിന് പുറമേ ഹൃദയമിടിപ്പിലെ താളപ്പിഴകൾ, കുറയുന്ന രക്തസമ്മർദം എന്നിങ്ങനെ ഒരു ഞാണിന്മേൽ കളിയായിരുന്നു

പിന്നീട്‌ ദിവസങ്ങളോളം. വെന്റിലേറ്ററിൽ  ആയതുകൊണ്ട്  മയക്കം കൊടുത്തിരുന്നു.എങ്കിലും പതിയെ പതിയെ നില മെച്ചപ്പെട്ടു.വെന്റിലേറ്ററിൽ നിന്നും മാറ്റാൻ പറ്റുന്ന അവസ്ഥയിലെത്തി.അങ്ങനെ കഴിഞ്ഞ തിങ്കളാഴ്ച വെൻറിലേറ്ററിൽ നിന്ന് മാറ്റി.എങ്കിലും മയക്കം പൂർണ്ണമായി വിട്ടുമാറിയിരുന്നില്ല.ദേഹത്ത് തട്ടി വിളിച്ചാൽ കണ്ണുകൾ  പതിയെ തുറക്കുമെന്ന് മാത്രം. മയക്കം പൂർണമായി മാറിയില്ലെങ്കിൽ വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വരുമോ എന്നുപോലും ഭയന്നു.

 പ്രതീക്ഷിച്ച രീതിയിൽ അദ്ദേഹത്തിന്റെ ശരീരം പ്രതികരിക്കുന്നില്ല എന്ന തോന്നൽ എനിക്കും വന്നു തുടങ്ങി. അതുകൊണ്ടുതന്നെ ദിവസവും പല പ്രാവശ്യം ഐ.സി.യുവിൽ പോയി നോക്കി.അന്ന് വൈകുന്നേരമായപ്പോൾ മുഖം അല്പം കൂടി പ്രസന്നമായി തോന്നി. ഞാൻ വിളിച്ചു “രവീന്ദ്രൻ, ഡോക്ടർ ജോയാണ്. എന്തുണ്ട് വിശേഷങ്ങൾ” 

അദ്ദേഹം വലതുകൈ അൽപ്പം ഉയർത്തി, മുഷ്ടി ചുരുട്ടി,ചുണ്ടുകൾ പതുക്കെ അനക്കി പറഞ്ഞു – “ലാൽസലാം സഖാവേ” 

ഐ.സി.യുവിൽ വെച്ച് മുഷ്ടിചുരുട്ടി ഞാനും പ്രത്യഭിവാദ്യം ചെയ്തു. അതിനുശേഷം പറഞ്ഞു. “കുറച്ചു ദിവസം കൂടി പൊരുതുക സഖാവേ.” (സ്വകാര്യത മാനിച്ചുകൊണ്ടു സഖാവിന്റെ പേര് മാറ്റിയിട്ടുണ്ട്)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button