ന്യൂഡൽഹി:സ്ത്രീധന മരണ കേസുകൾ വിചാരണ ചെയ്യുന്ന കോടതികളിലെ ജഡ്ജിമാരുടെ ജാഗ്രതക്കുറവും സൂക്ഷ്മതയില്ലായ്മയും മൂലം പ്രതികൾ രക്ഷപ്പെടുന്ന അവസ്ഥയാണ് ഉള്ളതെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി.രേഖകളുടെ അടിസ്ഥാനത്തിൽ പ്രതിയെ കോടതിക്കു ചോദ്യം ചെയ്യാം. എന്നാൽ, ഇതു വെറും വഴിപാടു പോലെയാണ് ചില വിചാരണ കോടതി ജഡ്ജിമാർ ചെയ്യുന്നതെന്നും സുപ്രീം കോടതി പറഞ്ഞു. ഹരിയാണയിലെ ഒരു സ്ത്രീധന മരണ കേസിൽ പ്രതിയെ വിചാരണ കോടതിയും പഞ്ചാബ് ഹൈക്കോടതിയും ശിക്ഷിച്ചു.
അതിനെതിരെ പ്രതികളായ സത്ബീർ സിങ്ങും മറ്റും നൽകിയ അപ്പീൽ പരിഗണിച്ചുകൊണ്ട് ശിക്ഷ സുപ്രീം കോടതി റദ്ദാക്കി. സ്ത്രീധനപീഡനത്തെ തുടർന്ന് പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്തുവെന്ന പ്രോസിക്യൂഷൻ കേസ് തെളിയിക്കപ്പെട്ടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
പ്രതിക്കെതിരെയുള്ള തെളിവുകൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടി അതേക്കുറിച്ച് പ്രതിയുടെ മറുപടി വിചാരണ കോടതി തേടിയിരിക്കണം. വളരെ ജാഗ്രതയോടെ, സൂക്ഷ്മവും നീതിപൂർവ്വവുമായി വിചാരണ കോടതി ജഡ്ജി ചെയ്യേണ്ട ചുമതലയാണിത്. എന്നാൽ, ഇതു വെറും നടപടിക്രമമായി കണക്കാക്കി ചില ജഡ്ജിമാർ അലസതയോടെ കൈകാര്യം ചെയ്യുന്നുവെന്നും നടപടി വെറും വഴിപാടു പോലെയായി തീർന്നുവെന്നും സുപ്രീം കോടതി പറഞ്ഞു.
പ്രതിയോട് അതീവജാഗ്രതയോടെ തിരക്കേണ്ട കാര്യങ്ങളാണ് വിചാരണ കോടതി ജഡ്ജിക്കു പിഴവു പറ്റിപ്പോരുന്നത്. ഈ കേസിൽ അതു വ്യക്തമാണെന്നും അതിനാൽ പ്രോസിക്യൂഷൻ കോസ് തെളിയിക്കപ്പെടുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
അതിനാൽ വിചാരണ കോടതിയും ഹൈക്കോടതിയും സ്വീകരിച്ച നിഗമനങ്ങളിൽ ഇടപെടേണ്ടിയിരിക്കുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞു. ജാഗ്രതയോടെ വിചാരണ കോടതി ചെയ്യേണ്ട ചുമതലകൾക്കു വീഴ്ച്ച വരുന്നത് പൊറുക്കാൻ കഴിയില്ല. സ്ത്രീധന മരണങ്ങൾ ദിനംപ്രതി വർധിച്ചു വരുന്ന സ്ഥിതിയാണ് ഇന്ത്യയിൽ ഉള്ളതെന്ന് സുപ്രീം കോടതി പറഞ്ഞു.
നിർഭാഗ്യകരമായ ഒരു സ്ഥിതി കൂടെയുണ്ട്. പീഡനത്തിനു വിധേയമായ പെൺകുട്ടിയുടെ ചില ബന്ധുക്കളെയും അനാവശ്യമായി പ്രതികളാക്കുന്ന സ്ഥിതിയും നിലവിലുണ്ട്. അതിനാൽ ഇക്കാര്യത്തിലും ജാഗ്രത പുലർത്തണം.ഇനി വിചാരണ കോടതി ജഡ്ജിമാർ മാത്രമല്ല ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടത്. പ്രോസിക്യൂഷനും പ്രതിക്കും അതിൽ കാര്യമായ പങ്കുണ്ട്. എല്ലാവരും അതീവസൂക്ഷ്മതയും ജാഗ്രതയും പുലർത്തിയാകണം കേസിനെ സമീപിക്കേണ്ടത്. പല തലങ്ങളിലുള്ള വീഴ്ച്ചയാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്.