സംസ്ഥാനത്തെ രണ്ടാം കൊവിഡ് തരംഗത്തില്‍ ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം:മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ പ്രബല സാന്നിധ്യമാണ് കാണാൻ കഴിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകൾ കേരളത്തിൽ ഏപ്രിൽ ആദ്യവാരത്തിൽ തന്നെ വ്യാപിച്ചു കഴിഞ്ഞുവെന്നാണ് പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച കാര്യങ്ങൾ കൃത്യമായി നിരീക്ഷിച്ചു വരികയാണെന്ന് കോവിഡ് അവലോകന യോഗ്തതിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ രോഗബാധിതരിൽ 40 ശതമാനം പേരിൽ അതിതീവ്രവ്യാപന ശേഷിയുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 30 ശതമാനം പേരിൽ തീവ്രവ്യാപന ശക്തിയുള്ള വൈറസിന്റെ യു.കെ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഏഴ് ശതമാനത്തോളം പേരിൽ ഇരട്ട വ്യതിയാനം സംഭവിച്ച രോഗപ്രതിരോധ ശക്തിയെപ്പോലും അതിജീവിക്കാൻ ശക്തിയുള്ള വൈറസാണ് കണ്ടെത്തിയത്. രണ്ട് ശതമാനം പേരിലാണ് കോവിഡിന്റെ ദക്ഷിണാഫ്രിക്കൻ വകഭേദം കണ്ടെത്തിയിട്ടുള്ളത്.

ഏപ്രിൽ ആദ്യവാരത്തിൽതന്നെ വ്യാപിച്ച ഈ വൈറസിന്റെ സാന്നിധ്യം ഈ സമയത്തിനുള്ളിൽ ശക്തിപ്പെട്ടിട്ടുണ്ടാകാം എന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിൽ ശക്തമായ ലോക്ക്ഡൗൺ നടപടികൾ സ്വീകരിച്ച് രോഗവ്യാപനം പ്രതിരോധിക്കണമെന്നാണ് സർവകക്ഷി യോഗത്തിൽ തീരുമാനിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News