വാഷിംങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം ജനപ്രതിനിധി സഭ പാസാക്കിയതിനെ തുടര്‍ന്ന് കുറ്റവിചാരണ ഇന്ന് സെനറ്റില്‍ തുടങ്ങും. ഇംപീച്ച്മെന്റ് പ്രമേയം സെനറ്റിന് കൈമാറണമോയെന്ന വോട്ടെടുപ്പിനെ 228 പേരാണ് അനുകൂലിച്ചത്. 435 അംഗ കോണ്‍ഗ്രസില്‍ നടന്ന വോട്ടെടുപ്പില്‍ 193 പേരാണ് പ്രമേയത്തെ എതിര്‍ത്തത്. ട്രംപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമോയെന്നതില്‍ തീരുമാനമെടുക്കുക ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് മേധാവിത്വമുള്ള സെനറ്റാവും.
ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തില്‍ ചൊവ്വാഴ്ച മുതല്‍ സെനറ്റ് നടപടികള്‍ സ്വീകരിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.സെനറ്റില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലാവും ഇംപീച്ച്‌മെന്റ് നടപടികള്‍ നടക്കുക. സെനറ്റ് അംഗങ്ങള്‍ തന്നെയാണ് ജ്യൂറിയാവുക.
2020 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപിന്റെ മുഖ്യ എതിരാളിയാകുമെന്ന് കരുതപ്പെടുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോണ്‍ ബൈഡനെ കുടുക്കുന്നതിന് വേണ്ടി ഉക്രൈനുമായി ഗൂഡാലോചന നടത്തിയെന്നാണ് ട്രംപിനെതിരായ ഇംപീച്ച് നടപടികളിലേക്ക് നയിച്ച ആരോപണം. ബൈഡനെതിരെയുള്ള അന്വേഷണം പ്രഖ്യാപിക്കുന്നതിന് പകരമായി 400 മില്യണ്‍ ഡോളറിന്റെ സൈനിക സഹായം ഉക്രൈന്‍ പ്രസിഡന്റിന് ട്രംപ് വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം.അധികാര ദുര്‍വിനിയോഗം, കോണ്‍ഗ്രസ് നടപടികളെ തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് കഴിഞ്ഞ മാസമാണ് ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തത്.
സെനറ്റില്‍ രണ്ടില്‍ മൂന്ന് ഭൂരിപക്ഷത്തില്‍ പാസായാല്‍ ട്രംപിന് സ്ഥാനം നഷ്ടമാകും.100 അംഗ സെനറ്റില്‍ 67 പേരുടെ പിന്തുണയാണ് പ്രമേയം പാസാകാന്‍ ആവശ്യമായത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേധാവിത്വമുള്ള സെനറ്റില്‍ പ്രമേയം പാസാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍
സ്പീക്കര്‍ നാന്‍സി പെലോസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജനപ്രതിനിധിസഭാ ഇംപീച്ച്‌മെന്റ് നടപടികള്‍ തുടങ്ങിയത്. കോണ്‍ഗ്രസ് ഇന്റലിജന്‍സ് കമ്മിറ്റിയും ജുഡീഷ്യറി കമ്മിറ്റിയും ആഴ്ചകള്‍ നീണ്ട തെളിവെടുപ്പ് നടത്തിയ ശേഷമാണ് പ്രമേയങ്ങള്‍ ജനപ്രതിനിധി സഭ പാസാക്കുന്നത്.