‘ആ ബോംബുകള്‍ ഇടരുത്, പൈലറ്റുമാരെ തിരിച്ചുവിളിക്കൂ’; വെടിനിർത്തൽ ലംഘിച്ചതിൽ ഇസ്രയേലിനും ഇറാനും വിമർശനവുമായി ട്രംപ്

ഇസ്രയേലും ഇറാനും വെടിനിര്‍ത്തലിന് സമ്മതിച്ചെന്ന് യുഎസ് പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഇസ്രയേലും ഇറാനും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ പുതിയ ആക്രമണങ്ങള്‍ നടത്താന്‍ ഇസ്രയേല്‍ നീക്കം നടത്തുന്നതിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍വന്നതായി നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം ഇസ്രയേല്‍ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഇറാന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം എത്തിയിരുന്നില്ല.

‘ഇസ്രയേല്‍, ആ ബോംബുകള്‍ ഇടരുത്. നിങ്ങള്‍ അങ്ങനെ ചെയ്താല്‍ അതൊരു വലിയ ലംഘനം (വെടിനിര്‍ത്തല്‍ കരാര്‍) ആകും. പൈലറ്റുമാരെ ഇപ്പോള്‍തന്നെ തിരിച്ചുവിളിക്കൂ’, തന്റെ സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും വെടനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതില്‍ താന്‍ അസന്തുഷ്ടനാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. കരാര്‍ അംഗീകരിച്ച് ഉടന്‍തന്നെ അതില്‍നിന്ന് പിന്‍വാങ്ങിയതില്‍ ഇസ്രയേലിനോട് അതൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെടിനിര്‍ത്തല്‍ കരാര്‍ മറികടന്ന് ഇറാന്‍ മിസൈലുകള്‍ തൊടുത്തതിനെ തുടര്‍ന്നാണ് ടെഹ്‌റാനില്‍ പുതിയ ആക്രമണം നടത്താന്‍ താന്‍ നിര്‍ദേശം നല്‍കിയതെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാട്‌സ് പറഞ്ഞിരുന്നു. വെടിനിര്‍ത്തല്‍ ലംഘിച്ച് ഇറാന്‍ വിക്ഷേപിച്ച മിസൈലുകള്‍ പ്രതിരോധിച്ചതായും ഐഡിഎഫ് അറിയിച്ചിരുന്നു.

ഇസ്രയേലിന്റെ ആരോപണം ഇറാന്‍ നിഷേധിച്ചു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്പ് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലില്‍ നാലുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാനില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തിയ 12 ദിവസത്തെ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഇന്ന് രാവിലെയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയത്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായും ദയവായി അത് ആരും ലംഘിക്കരുതെന്ന് ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News