കൊച്ചി: പള്ളുരുത്തിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. യുവാവിന്റെ പെൺസുഹൃത്ത് ഷഹാനയുടെ ഭർത്താവ് ഷിഹാസ് ആണ് കൊലക്ക് പിന്നിലെന്നാണ് വിവരം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഷഹാനയെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് എസിപി അറിയിച്ചു.
പള്ളുരുത്തി സ്വദേശി ആഷിഖ് ആണ് കൊല്ലപ്പെട്ടത് (30). കഴിഞ്ഞ ദിവസം രാത്രി എട്ടോടെയായിരുന്നു സംഭവം. ഇടക്കൊച്ചി പാമ്പായിമൂലയ്ക്കടുത്ത് ഇന്ദിരാഗാന്ധി റോഡരികിലുള്ള ഒഴിഞ്ഞ പറമ്പിൽ കണ്ണങ്ങാട്ട് പാലത്തിന് സമീപത്തായി പാർക്ക് ചെയ്ത ലോറിയിലാണ് പരിക്കേറ്റ നിലയിൽ ആഷിക്കിനെ കണ്ടത്. യുവതിയുടെ നിലവിളികേട്ടെത്തിയ പ്രദേശവാസികൾ കണ്ടത് ചോരയിൽ കുളിച്ചുനിൽക്കുന്ന ആഷിക്കിനെയായിരുന്നു. ഉടൻതന്നെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ആശുപത്രിയിൽ എത്തിയപ്പോഴേക്കും ഇയാൾ മരിച്ചിരുന്നു.
കണ്ണങ്ങാട്ട് പാലത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ലോറിയിലേക്ക് ആഷിക്ക് തന്നെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും സംസാരിക്കുന്നതിനിടെ ആഷിഖ് ബോധംകെട്ടുവീണതാണെന്നും യുവതി ആശുപത്രിയിൽ പറഞ്ഞത്. ശരീരം പരിശോധിച്ചപ്പോഴാണ് കാലിലെ മുറിവ് ശ്രദ്ധയിൽപെട്ടതെന്നും യുവതി മൊഴി നൽകിയിരുന്നു. എന്നാൽ, അന്വേഷണത്തിൽ മരണം കൊലപാതമെന്ന് തെളിയുകയായിരുന്നു.
ആഷിഖുമായി യുവതിക്ക് അടുപ്പമുണ്ടായിരുന്നുവെന്നും ഇത് ഭർത്താവ് തിരിച്ചറിഞ്ഞതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നുമാണ് വിവരം. ഈ വൈരാഗ്യം കൊലപാതകത്തിലേക്ക് നയിച്ചതായി പോലീസ് വിലയിരുത്തുന്നു. ആഷിഖിന്റെ കാലിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. സ്വയം കുത്തിപ്പരിക്കേൽപ്പിച്ച പോലുള്ള മുറിവായതിനാൽ ആത്മഹത്യയാകാമെന്നായിരുന്നു ആദ്യഘട്ടത്തിൽ സംശയിച്ചിരുന്നത്. എന്നാൽ, അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരം പുറത്തുവരികയായിരുന്നു.
മകന്റെ കൊലപാതകത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് ആഷിഖിന്റെ കുടുംബം രംഗത്തെത്തി. പ്രതിയുടെ ഭാര്യയും ആഷിഖിന്റെ പെൺസുഹൃത്തുമായ ഷഹാനയ്ക്ക് കേസുമായി ബന്ധമുണ്ടെന്ന് ആഷിഖിന്റെ പിതാവ് വി.എ. അക്ബർ ആരോപിച്ചു. ആഷിഖിനെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഷഹാന നിരന്തരം ആഷിക്കിനെ ഭീഷണിപ്പെടുത്തിയിരുന്നു. മകനെ വ്യാജ പീഡനക്കേസിൽപ്പെടുത്ത് അറസ്റ്റ് ചെയ്യിപ്പിച്ചിരുന്നുവെന്നും അക്ബർ പറഞ്ഞു.

