കൊരട്ടി: ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് രംഗത്ത് വന്ന കൊരട്ടി സ്വദേശിയായ വൈഷ്ണവിക്കും ഭര്‍ത്താവ് മുകേഷിനുമെതിരെ സഹോദരന്‍ സുധീഷ് മോഹന്‍ രംഗത്ത്. വൈഷ്ണവിയുടെ ആരോപണത്തിന് നേര്‍ വിപരീതമാണ് സുധീഷ് പറയുന്നത്. മുകേഷ് ഒരു ഫ്രോഡ് ആണെന്നും അമ്മയുടെ സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് മുകേഷും വൈഷ്ണവിയും ഇത്തരം വ്യാജ പരാതികള്‍ നല്‍കുന്നതെന്നും സുധീഷ് പറയുന്നു.
വിവാഹശേഷം വൈഷ്ണവി പലപ്പോഴും റൂമില്‍ തന്നെ അടച്ചിരിപ്പാണ് എന്ന് പറഞ്ഞ സുധീഷ്, അതിനെ പറ്റി ചോദ്യം ചെയ്ത അമ്മയെ വൈഷ്ണവി അസഭ്യം പറയുകയും മുകേഷ് അമ്മയെ തല്ലുകയും പതിവായിരുന്നുവെന്നും ആരോപിച്ചു. ‘അമ്മയെ കൊല്ലാനും ശ്രമം നടന്നിരുന്നു. അവര്‍ അമ്മയെ മര്‍ദ്ദിച്ചതിന് തുടര്‍ന്ന്, അമ്മ രണ്ടു ദിവസം ചാലക്കുടി ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു.
വൈഷ്ണവി, അമ്മയ്ക്കും അമ്മാവനും എതിരെ കൊരട്ടി പോലീസില്‍ വ്യാജ പരാതി കൊടുക്കുകയായിരുന്നു. വൈഷ്ണവി ഇതിനു മുമ്പും അവരുടെ വീടിനടുത്തുള്ള പലരുടെയും പേരില്‍ ഇതുപോലുള്ള വ്യാജ പരാതികള്‍ കൊടുത്തിട്ടുണ്ട്. അതിന്റെ എല്ലാ രേഖകളും പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ ഉണ്ട്’, സുധീഷ് ആരോപിക്കുന്നു.
അതേസമയം, അമ്മായി അമ്മയുടെ ആണ്‍സുഹൃത്ത് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് വൈഷ്ണവി ആരോപിക്കുന്നത്. മര്‍ദ്ദനത്തില്‍ യുവതിയുടെ മുഖത്തിന് സാരമായി പരുക്കേറ്റു. മുഖത്തെ എല്ലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്. യുവതി അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വിവാഹം കഴിഞ്ഞത് മുതല്‍ അമ്മായി അമ്മ തന്നെ ഉപദ്രവിക്കുമായിരുന്നു എന്ന് യുവതി വെളിപ്പെടുത്തിയിരുന്നു.
ഭര്‍ത്താവിന്റെ അമ്മ തന്നെ ഭര്‍തൃവീട്ടില്‍ വച്ച് നിരവധി തവണ മര്‍ദ്ദിച്ചിരുന്നതായി യുവതി വെളിപ്പെടുത്തുന്നു. പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ വൈകിയെന്ന് യുവതി പറഞ്ഞു. കഴിഞ്ഞ ദിവസം അമ്മായി അമ്മയും ആണ്‍സുഹൃത്തും വാതില്‍ പൂട്ടി മുറിയിലിരുന്ന് സംസാരിക്കുന്നത് യുവതി റെക്കോര്‍ഡ് ചെയ്തിരുന്നു. ഇതാണ് മര്‍ദ്ദനത്തിന് കാരണമെന്ന് യുവതി ആരോപിക്കുന്നു.