തൃശ്ശൂർ:പോലീസ്‌സേനയ്ക്കായി സേവനംചെയ്ത് മരണമടഞ്ഞ നായകൾക്ക് തൃശ്ശൂരിലെ പോലീസ് അക്കാദമയിൽ സ്മൃതികുടീരങ്ങളൊരുക്കി. പോലീസ് നായകൾക്കായുള്ള അന്ത്യവിശ്രമകേന്ദ്രവും സ്മൃതികുടീരവും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ഏഷ്യയിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്.
ഒാരോ നായയ്ക്കും പ്രത്യേകം തയ്യാറാക്കിയ കല്ലറകളുണ്ട്. ഇവയിൽ പുഷ്പാർച്ചന ചെയ്താണ് ഡി.ജി.പി. കുടീരം സമർപ്പിച്ചത്. അക്കാദമി ട്രെയിനിങ് ഐ.ജി. പി. വിജയൻ പങ്കെടുത്തു.ഇതോടൊപ്പം മനോഹരമായ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്.കേരള പോലീസ് സർവീസിലെ ഓരോ നായുടെയും ത്യാഗങ്ങൾ, നേട്ടങ്ങൾ, മികച്ച ഇടപെടലുകൾ എന്നിവ വിശദീകരിക്കുന്ന പ്രത്യേകം ബലികുടീരങ്ങളുണ്ട്.
സേവനകാലാവധി പൂർത്തിയാക്കുന്ന പോലീസ് നായകൾക്ക് വിശ്രമജീവിതത്തിനായി പോലീസ് അക്കാദമിയിൽ വിശ്രാന്തി എന്ന പേരിൽ ‘റിട്ടയർമെന്റ് ഹോം’ നിലവിലുണ്ട്. സർവീസ് പൂർത്തിയാക്കിയ നായകൾക്ക് ജീവിതാന്ത്യംവരെ വിശ്രമിയ്ക്കാനും പരിചരണത്തിനും ഉചിതമായ വിശ്രമസ്ഥലമാണ് ‘വിശ്രാന്തി’. സേനയിൽ പരിശീലനം പൂർത്തിയാക്കി മരണമടഞ്ഞ നായകൾക്കെല്ലാം ഔദ്യോഗിക ബഹുമതിയായ ഗാർഡ് ഓഫ് ഓണർ വിശ്രാന്തിയിൽ നൽകാറുണ്ട്.2019 മെയ് 29-ന് ആരംഭിച്ച വിശ്രാന്തിയിൽ ഇപ്പോൾ 18 നായകളുണ്ട്.