കൊച്ചി: കൂത്താട്ടുകുളം പട്ടണത്തിൽ തെരുവുനായയുടെ ആക്രമണത്തിൽ 8 പേർക്ക് പരുക്ക്.ഗുരുതരമായി പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ ഏഴ് മണിയോടെ കിഴകൊമ്പ് മില്ലുംപടിയിലെ പ്രദേശവാസിക്കാണ് ആദ്യം കടിയേറ്റത്. ഇവിടെ വെച്ച് മറ്റ് മൂന്ന് പേരെ ആക്രമിച്ച ശേഷം സ്വകാര്യ ആശുപതിയിൽ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങിയ ലാബ് ജീവനക്കാരിയെയും ആക്രമിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണ്.
പിന്നീട് ഒരു ഇടവേളക്ക് ശേഷം ഉച്ചയോടെ മംഗലത്തുതാഴം കവലയിൽ ബസ് കാത്തു നിന്ന യുവതിയെ ആക്രമിച്ച നായ അവരുടെ ബാഗും കടിച്ചു കീറി . ഇവിടെ നിന്ന് പെരുംകുറ്റി ഭാഗത്തേക്കാണ് നായ ഓടിയത് . കടിച്ചത് പേയിളകിയ നായയാണെന്ന സംശയത്തിൽ പൊലീസ് , ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും വ്യാപക തിരച്ചില് നടത്തി. നായയെ പെരുംകുറ്റിയിൽ നിന്നും കണ്ടെത്തി.
ടൗണിൽ അലഞ്ഞു തിരിയുന്ന മറ്റു നായ്ക്കൾക്കും വളർത്തു നായ്ക്കൾക്കും കടിയേറ്റിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു . കടിയേറ്റവരിൽ സ്വകാര്യ ആശുപത്രി , സപ്ലോകോ പീപ്പിൾസ് ബസാർ ജീവനക്കാരും ഉൾപ്പെടുന്നു .അൻപതിലേറെ തെരുവുനായ്ക്കളാണ് ടൗണിലൂടെ വിഹരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ബസ് സാൻഡ് , മാർക്കറ്റ് എന്നിവിടങ്ങളിൽ തമ്പടിക്കുന്ന നായ്ക്കളുടെ ശല്യം ഒഴിവാക്കാൻ നഗരസഭ ഇടപെടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.