തിരുവനന്തപുരം: ആലപ്പുഴയിലെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഡോക്ടർമാരുടെ സംഘടന പ്രതിഷേധം ശക്തമാക്കുന്നു. കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) ഇന്ന് ഒ പി ബഹിഷ്കരിച്ചുള്ള പ്രതിഷേധമാണ് നടത്തുന്നത്.
ഡോക്ടറെ മർദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ ആരോഗ്യപ്രവർത്തകർക്കിടയിൽ അമർഷം ശക്തമാണ്. ക്രൂരമായ മർദനമേറ്റതായും നീതി ലഭിച്ചില്ലെന്നും മർദനമേറ്റ ഡോ.രാഹുൽമാത്യു ഫേസ്ബുക്കിൽ തുറന്നെഴുതിയിരുന്നു. രാജി വെക്കുകയാണെന്നും പ്രഖ്യാപിച്ചിരുന്നു. അഭിലാഷെന്ന പൊലീസുകാരനാണ് രാഹുലിനെ മർദിച്ചതെന്നും നടപടി ആവശ്യപ്പെട്ട ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. അതേസമയം പ്രതിയെ അറസ്റ്റ് ചെയ്യാൻ നടപടി തുടങ്ങിയതായാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്.
സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്പെഷ്യാലിറ്റി ഒ പികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കാനാണ് കെ ഡി എം ഒ എ തീരുമാനം. രാവിലെ 10 മണി മുതല്‍ 11 മണി വരെ മറ്റു ഒ പി സേവനങ്ങളും നിര്‍ത്തിവച്ച് എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും കെ.ജി.എം.ഒ.എ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, ഐ പി ചികിത്സ, കൊവിഡ് ചികിത്സയും പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവക്ക് മുടക്കമുണ്ടാവില്ല.
സംഭവം നടന്ന് ആറാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് കെ.ജി.എം.ഒ.എ സമരപ്രഖ്യാപനത്തിൽ പറഞ്ഞു. ഈ വിഷയം ഉന്നയിച്ച് കേരള ഗവൺമെന്‍റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) നടത്തി വരുന്ന ഇടപെടലുകൾ അവഗണിക്കപ്പെട്ടിരിക്കുകയാണ്. അതിനാൽ പ്രതിഷേധം ശക്തമാക്കാൻ നിർബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും അവർ വാർത്താക്കുറിപ്പിലൂടെ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ കാലത്തുപോലും ഇത്തരം അക്രമണങ്ങള്‍ ചെറുക്കാനും നീതി നടപ്പാക്കാനുമായി ഡോക്ടര്‍മാര്‍ക്ക് പരസ്യ പ്രതിഷേധത്തിലേക്ക് പോക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണ്. വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കാതെ പൊലീസുകാരനുള്‍പ്പടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡണ്ട് ഡോ: ജി എസ് വിജയകൃഷ്ണൻ ജനറൽ സെക്രട്ടറി ഡോ: ടി എൻ സുരേഷ് എന്നിവർ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മാവേലിക്കര സംഭവത്തിൽ നടപടികൾ അകാരണമായി വൈകുന്നതിൽ പ്രതിഷേധിച്ചു ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ സംസ്ഥാനവ്യാപകമായി നടത്തുന്ന സമരത്തിന് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ പൂർണ്ണമായ അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഒരു കാരണവശാലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ല.
അതിനാൽ മാവേലിക്കര സംഭവത്തിൽ കുറ്റക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ത്വരിതഗതിയിലുള്ള തുടർനടപടികൾ ഉണ്ടാകണമെന്നും കെജിഎംസിടിഎ സർക്കാരിനോട് ശക്തമായി ആവശ്യപ്പെടുന്നുവെന്ന് സംഘടന വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.