ശസ്ത്രക്രിയയ്ക്ക് കൈക്കൂലി:മെഡി. കോളേജിലെ ഡോക്ടർ അറസ്റ്റിൽ

തൃശ്ശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ അറസ്റ്റില്‍. ഓര്‍ത്തോ വിഭാഗം ഡോക്ടറായ ഷെറിന്‍ ഐസക്കാണ് വിജിലന്‍സിന്റെ പിടിയിലായത്. അപകടത്തില്‍ പരിക്കേറ്റ യുവതിയുടെ ശസ്ത്രക്രിയക്കാണ് പണം വാങ്ങിയത്.

അപകടത്തില്‍ പരിക്കേറ്റ യുവതിയെ കഴിഞ്ഞയാഴ്ച മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചിരുന്നു. കൈയിന്റെ എല്ലില്‍ പൊട്ടലുണ്ടായിരുന്നതിനാല്‍ ഇവര്‍ക്ക് ശസ്ത്രക്രിയ ആവശ്യമായിരുന്നു. എന്നാല്‍ ഡോക്ടര്‍ യുവതിയോട് പല റിപ്പോര്‍ട്ടുകളും കൊണ്ടുവരാനാവശ്യപ്പെട്ടും മറ്റും ശസ്ത്രക്രിയ ദിവസങ്ങള്‍ നീട്ടിക്കൊണ്ടുപോയി. ഒടുക്കം പണം നല്‍കാതെ ശസ്ത്രക്രിയ ചെയ്യില്ല എന്ന നിലയിലെത്തി.

ഇക്കാര്യം യുവതി പൊതുപ്രവര്‍ത്തകനായ തോമസ് എന്നയാളെ അറിയിച്ചു. ഇയാള്‍ വിഷയം തൃശ്ശൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി.യെയും അറിയിച്ചു. തുടര്‍ന്ന് ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകളുമായി യുവതി ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെത്തുകയും 3000 രൂപ കൈമാറുകയും ചെയ്തു. ഉടന്‍തന്നെ വിജിലന്‍സ് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയില്‍ ഡോക്ടറില്‍നിന്ന് കൈക്കൂലിപ്പണം കണ്ടെത്തി. ഇതോടെ ഷെറിന്‍ ഐസക്കിനെ അറസ്റ്റുചെയ്യുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News