28.4 C
Kottayam
Tuesday, May 28, 2024

 നാല് ഓവറിൽ 9 റൺസ് 2 വിക്കറ്റ്,തകർപ്പൻ പ്രകടനവുമായി മിന്നു മണി; ഇന്ത്യയ്ക്ക് വിജയം

Must read

ധാക്ക:  ബംഗ്ലദേശിനെതിരായ രണ്ടാം ട്വന്റി20യിൽ തകർപ്പൻ പ്രകടനവുമായി മലയാളി താരം മിന്നു മണി. നാല് ഓവറുകൾ പന്തെറിഞ്ഞ താരം ഒൻപതു റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മിന്നുവിന്റെ ഒരോവറിൽ റണ്ണൊന്നുമെടുക്കാൻ ബംഗ്ലദേശ് ബാറ്റർമാർക്കു സാധിച്ചില്ല. മത്സരത്തിൽ ഇന്ത്യൻ വനിതകൾ എട്ട് റൺസ് വിജയം സ്വന്തമാക്കി. രണ്ടാം വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയും ഇന്ത്യ നേടി. ഇന്ത്യ ഉയർത്തിയ 96 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് 87 റൺസെടുത്തു പുറത്തായി.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 95 റണ്‍സാണ് ആകെ നേടിയത്. 14 പന്തിൽ 19 റൺസെടുത്ത ഷെഫാലി വർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മൂന്ന് പന്തുകൾ നേരിട്ട മിന്നു ഒരു ഫോറടക്കം അഞ്ചു റൺസെടുത്തു പുറത്താകാതെനിന്നു. 33 റൺസെടുത്തു നിൽക്കെ ആദ്യ വിക്കറ്റു പോയ ഇന്ത്യയ്ക്ക് തൊട്ടുപിന്നാലെ രണ്ടു വിക്കറ്റുകൾ കൂടി നഷ്ടമായത് തിരിച്ചടിയായി.

റണ്ണൊഴുക്കിനു വേഗം കുറഞ്ഞതോടെ ഇന്ത്യ ചെറിയ സ്കോറിലൊതുങ്ങുകയായിരുന്നു. ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. സ്മൃതി മന്ഥന (14 പന്തിൽ 19), യാസ്തിക ഭാട്യ (13 പന്തിൽ 11), ദീപ്തി ശർമ (14 പന്തിൽ 10), അമൻജ്യോത് കൗർ (17 പന്തിൽ 14) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ.

മറുപടി ബാറ്റിങ്ങിൽ ചെറിയ വിജയ ലക്ഷ്യം പ്രതിരോധിക്കുക ലക്ഷ്യമിട്ട ഇന്ത്യയ്ക്കായി ആദ്യ ഓവർ എറിഞ്ഞത് പൂജ വസ്ത്രകാർ ആണ്. ഈ ഓവറിൽ പത്ത് റൺസ് വഴങ്ങിയതോടെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ മിന്നുവിനെ രണ്ടാം ഓവർ എറിയാൻ വിളിച്ചു. എറിഞ്ഞ രണ്ടാം പന്തിൽ തന്നെ ബംഗ്ലദേശ് ഓപ്പണർ ഷമീമ സുൽത്താനയെ പുറത്താക്കി മിന്നു ആദ്യ പ്രഹരമേൽപിച്ചു. മിന്നുവിന്റെ പന്തിൽ ഷെഫാലി വർമ ക്യാച്ചെടുത്താണ് സുൽത്താനയെ പുറത്താക്കിയത്. ഈ ഓവറിൽ ബംഗ്ലദേശ് താരങ്ങൾ ഒരു റൺ പോലും നേടാനാകാതെ കുഴങ്ങി.

നാലാം ഓവറിൽ രണ്ടും ആറാം ഓവറിലും എട്ടാം ഓവറിലും നാലു വീതം റൺസുമാണു മിന്നു വിട്ടുകൊടുത്തത്. എട്ടാം ഓവറിലെ അവസാന പന്തിൽ ഋതു മോനിയെ വിക്കറ്റിനു മുന്നിൽ കുടുക്കി മിന്നു രണ്ടാം വിക്കറ്റും നേടി. ചെറിയ വിജയ ലക്ഷ്യമായിരുന്നിട്ടും അവസാന ഓവർ‌ വരെ കളിയെത്തിക്കാൻ ഇന്ത്യയ്ക്കു സാധിച്ചു. ഷെഫാലി വർമയെറിഞ്ഞ 20–ാം ഓവറില്‍ ബംഗ്ലദേശിന് ജയിക്കാൻ വേണ്ടിയിരുന്നത് 10 റൺസായിരുന്നു. ഈ ഓവറിൽ മൂന്നു വിക്കറ്റുകൾ പിഴുത് ഷെഫാലി ഇന്ത്യയെ വിജയത്തിലെത്തിച്ചു. പരമ്പരയിലെ അവസാന മത്സരം 13ന് മിർപൂരിൽ നടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week