30.6 C
Kottayam
Tuesday, May 7, 2024

രമാദേവി കൊലക്കേസിൽ 17 വർഷത്തിനുശേഷം വഴിത്തിരിവ്; ഭ‍ര്‍ത്താവ് അറസ്റ്റിൽ

Must read

പത്തനംതിട്ട : വീട്ടിനുള്ളിൽ കഴുത്തിനു വെട്ടേറ്റു കൊല്ലപ്പെട്ട നിലയിൽ വീട്ടമ്മയെ കണ്ടെത്തിയ കേസിൽ 17 വർഷത്തിനുശേഷം ഭർത്താവ് അറസ്റ്റിൽ. 2006 മേയ് 26നു വൈകിട്ടാണ് പുല്ലാട് വടക്കേക്കവല വടക്കേചട്ടുകുളത്ത് സി.ആർ.ജനാർദനൻ നായരുടെ ഭാര്യ രമാദേവിയെ (50) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ റിട്ട. പോസ്റ്റ്മാസ്റ്റർ കൂടിയായ ഭർത്താവ് ജനാര്‍ദനനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇവരുടെ വീടിനോടു ചേർന്നു കെട്ടിടനിർമാണം നടത്തിവന്ന തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. എന്നാൽ, തമിഴ്‌നാട് സ്വദേശിയായ ചുടലമുത്തുവിനെ കൊല നടന്ന ദിവസം മുതൽ കാണാതായതിനാൽ അന്വേഷണം ആ വഴിക്കു തിരിഞ്ഞു. ഇയാളെയും ഇയാൾക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെയും കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്കു കഴിഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ വർഷം സ്ത്രീയെ തെങ്കാശിയിൽ വച്ച് കണ്ടെത്തി. തുടർന്നു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ സുനിൽ രാജ് അറസ്റ്റ് ചെയ്തത്.

ഊണു മുറിയിലാണ് ദുരൂഹസാഹചര്യത്തിൽ രമാദേവിയുടെ മൃതദേഹം കണ്ടെത്തിയത്. കൊടുവാളുപോലെ ചുണ്ടുള്ളതും മൂർച്ചയേറിയതുമായ ആയുധമാണു കൊലപാതകത്തിന് ഉപയോഗിച്ചതെന്നു പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ലോക്കൽ പൊലീസ് അന്വേഷണം നടത്തി ഫലമില്ലാതെ വന്നപ്പോൾ ഭർത്താവ് ജനാർദനൻ നായർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പത്തനംതിട്ട ആൻഡ് കൊല്ലം ക്രൈം ബ്രാഞ്ച് എസ്പിയായ എൻ. രാജന്റെ നിർദേശാനുസരണം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.ആർ. പ്രതീകിന്റെ മേൽനോട്ടത്തിൽ ഡിറ്റക്ടീവ് ഇൻസ്പെക്ടർ സുനിൽ രാജ്, സബ് ഇൻസ്പെക്ടർ വിൽസൻ ജോയ്, എഎസ്ഐ ഷാനവാസ്, ഷിബു, നൗഷാദ് അനുരാഗ് മുരളീധരൻ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week