FeaturedHome-bannerKeralaNewsNews

നിത്യോപയോഗ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; ഇടപെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം പലയിടത്തും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും വിലനിലവാര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. കാര്യക്ഷമമായ ഇടപെടലിലൂടെ വില പിടിച്ചുനിര്‍ത്താന്‍ വകുപ്പുകൾ കൂട്ടായ പ്രവര്‍ത്തനം നടത്തണം. ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന കര്‍ശനമാക്കണം. പൂഴ്ത്തിവയ്പ്പ് പൂര്‍ണ്ണമായും ഒഴിവാക്കാനാവണം. ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ കളക്ടറുടെ നേതൃത്വത്തിലുള്ള ടീം നേരിട്ട് പരിശോധനകള്‍ നടത്തണം. പൊലീസിന്റെ ഇടപെടലും ഉണ്ടാകണം. നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിര്‍ത്തുന്നതില്‍ ഹോര്‍ട്ടികോര്‍പ്പും കണ്‍സ്യൂമര്‍ഫെഡും സിവില്‍സപ്ലൈസും വിപണിയില്‍ കാര്യക്ഷമമായി ഇടപെടണം. സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ ഓണക്കാലത്തേക്കുള്ള മാര്‍ക്കറ്റുകള്‍ നേരത്തെ ആരംഭിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ഗുണനിലവാര പരിശോധന എല്ലാ സ്ഥലങ്ങളിലും നടത്തണം. ഒരേ ഇനത്തിനു തന്നെ വിവിധ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന വിലയിലെ അന്തരം വ്യാപാരസമൂഹവുമായി ജില്ലാകളക്ടര്‍മാര്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണണം. ഏറ്റക്കുറച്ചിലുകള്‍ പരിഹരിച്ച് ഒരേവില കൊണ്ടുവരാന്‍ ശ്രമിക്കണം. നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം ആഴ്ചയില്‍ ഒരു തവണയെങ്കിലും ജില്ലാകളക്ടര്‍മാര്‍ അവലോകനം നടത്തണം. സംസ്ഥാനാടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാരുടെ യോഗം 10 ദിവസത്തിലൊരിക്കല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. 

യോഗത്തില്‍ മന്ത്രിമാരായ ജി ആര്‍ അനില്‍, വി എന്‍ വാസവന്‍, കെ രാജന്‍, പി പ്രസാദ്, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഭക്ഷ്യ, കൃഷി വകുപ്പു സെക്രട്ടറിമാര്‍, സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പൊലീസ് മേധാവികള്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker