KeralaNews

പെരുമ്പാമ്പിന് വിഷമില്ല, കടിച്ച ഭാഗം സോപ്പുപയോഗിച്ച് കഴുകി രണ്ട് മണിക്കൂര്‍ വിശ്രമിച്ചാല്‍ മതിയെന്ന് വാവ സുരേഷ്; ഏറ്റവും കൂടുതല്‍ പാമ്പുകടിയേറ്റവരല്ല അഭിപ്രായം പറയേണ്ടതെന്ന് ഡോ. ജിനേഷ് പി.എസ്

തിരുവനന്തപുരം: പെരുമ്പാമ്പിന് വിഷമില്ല, കടിച്ച ഭാഗം സോപ്പുപയോഗിച്ച് നല്ലതുപോലെ കഴുകി വിശ്രമിച്ചാല്‍ മാത്രം മതിയെന്ന് അഭിപ്രായപ്പെട്ട പാമ്പ് പിടുത്തക്കാരന്‍ വാവ സുരേഷിനെ വിമര്‍ശിച്ച് ഡോക്ടര്‍. പാമ്പ് കടിയെ കുറിച്ചും ചികിത്സയെ കുറിച്ചും ഡോക്ടര്‍മാരോടാണ് മാധ്യമങ്ങള്‍ വിവരം തേടേണ്ടതെന്നും അല്ലെങ്കില്‍ കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്നവരോട് അഭിപ്രായം ചോദിക്കണമെന്നും ഡോ. ജിനേഷ് പിഎസ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

കടിച്ച ഭാഗം സോപ്പുപയോഗിച്ച് നല്ലതുപോലെ കഴുകണം. മുറിവ് വലുതാണെങ്കില്‍ രണ്ട് മണിക്കൂര്‍ വിശ്രമിക്കണം. മറ്റൊന്നും ചെയ്യേണ്ടതില്ല.’ എന്ന് മനോരമ പത്രത്തിലാണ് വാവ സുരേഷിന്റെ പ്രതികരണം വന്നത്. ഇതിനെതിരെയാണ് ഡോക്ടര്‍ രംഗത്തെത്തിയിരിക്കുന്നത്. വളരെ ശക്തിയായി കടിക്കാന്‍ കഴിവുള്ള ഒരു പാമ്പാണ് പെരുമ്പാമ്പ്. ഗുരുതരമായ പരിക്കുകള്‍ പറ്റാന്‍ സാധ്യതയുണ്ട്. രക്തസ്രാവവും ലിഗമെന്റ്, അസ്ഥി, മാംസപേശി തുടങ്ങിയവയില്‍ പരിക്കുകളും പറ്റിയേക്കാം. മുറിവില്‍ അണുബാധയ്ക്കുള്ള സാധ്യതയും ഉണ്ട്. കടിയേറ്റാല്‍ സൗകര്യങ്ങളുള്ള ആശുപത്രിയില്‍ ചികിത്സ തേടുണമെന്നും ഡോ. ജിനേഷ് പിഎസ് നിര്‍ദേശിക്കുന്നു.

ഡോ. ജിനേഷ് പിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്നത്തെ മനോരമ പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണ്.’എല്ലാ പാമ്പുകളും കടിക്കും. എന്നാല്‍ പെരുമ്പാമ്പിന് വിഷമില്ല. കടിച്ച ഭാഗം സോപ്പുപയോഗിച്ച് നല്ലതുപോലെ കഴുകണം. മുറിവ് വലുതാണെങ്കില്‍ രണ്ട് മണിക്കൂര്‍ വിശ്രമിക്കണം. മറ്റൊന്നും ചെയ്യേണ്ടതില്ല.’ മനോരമ പത്രത്തില്‍ വന്നിരിക്കുന്ന സുരേഷിന്റെ ക്വോട്ടാണ്.
തിടനാട് പഞ്ചായത്ത് പ്രസിഡന്റിനെ പെരുമ്പാമ്പ് കടിച്ചു എന്ന വാര്‍ത്തയില്‍ ആണ് ഈ ക്വോട്ട്.

മാധ്യമങ്ങളോട് ഒരു അഭ്യര്‍ത്ഥനയുണ്ട്. ചികിത്സ വിഷയങ്ങളില്‍ ഒന്നുകില്‍ ഡോക്ടര്‍മാരോട് അഭിപ്രായം ചോദിക്കുക. അല്ലെങ്കില്‍ കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്നവരോട് അഭിപ്രായം ചോദിക്കുക. വളരെ ശക്തിയായി കടിക്കാന്‍ കഴിവുള്ള ഒരു പാമ്പാണ് പെരുമ്പാമ്പ്. ഗുരുതരമായ പരിക്കുകള്‍ പറ്റാന്‍ സാധ്യതയുണ്ട്. രക്തസ്രാവവും ലിഗമെന്റ്, അസ്ഥി, മാംസപേശി തുടങ്ങിയവയില്‍ പരിക്കുകളും പറ്റിയേക്കാം. മുറിവില്‍ അണുബാധയ്ക്കുള്ള സാധ്യതയും ഉണ്ട്. കടിയേറ്റാല്‍ സൗകര്യങ്ങളുള്ള ആശുപത്രിയില്‍ ചികിത്സ തേടുക.

ഗുരുതരമായ വിഷമുള്ള അണലിയെ കണ്ട് പെരുമ്പാമ്പിന്റെ കുഞ്ഞാണ് എന്ന് തെറ്റിദ്ധരിക്കുന്നവര്‍ വരെയുള്ള സ്ഥലമാണ്. അതുകൊണ്ട് ദയവു ചെയ്ത് ശരിയായ ചികിത്സ തേടുക. പാമ്പുകളെ റസ്‌ക്യൂ ചെയ്യാന്‍ വനംവകുപ്പ് പരിശീലനം നല്‍കിയ, ലൈസന്‍സുള്ള വ്യക്തികളുടെ സഹായം തേടുക. സ്വയം അപകടത്തില്‍ ചാടാതിരിക്കുക. മാധ്യമങ്ങളോട്,ഏറ്റവും കൂടുതല്‍ വാഹന അപകടങ്ങള്‍ ഉണ്ടാക്കിയ ഡ്രൈവര്‍ അല്ല ഏറ്റവും മികച്ച ഡ്രൈവര്‍. ഏറ്റവും കൂടുതല്‍ പാമ്പുകടികള്‍ ലഭിച്ച വ്യക്തിയല്ല ഏറ്റവും മികച്ച റസ്‌ക്യൂവര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button