കൊവിഡ് ബാധിച്ച് ലണ്ടനില്‍ മലയാളി ഡോക്ടര്‍ മരിച്ചു

ലണ്ടന്‍: പത്തനംതിട്ട സ്വദേശിയായ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഡോ. പൂര്‍ണിമ നായരാണ് മരിച്ചത്. 56 വയസ്സായിരുന്നു. മിഡില്‍ സ്‌പ്രോയിലെ നോര്‍ത്ത് ഈസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. കഴിഞ്ഞ മൂന്നാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടര്‍ന്നിരുന്നത്. ഇവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്.

പത്തനംതിട്ടയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദില്ലിയിലെത്തി അവിടെ സ്ഥിരതാമസമാണ് ഡോ. പൂര്‍ണിമയുടെ കുടുംബം. ബിഷപ്പ് ഓക്ക്‌ലാന്‍ഡിലെ സ്റ്റേഷന്‍ ബി മെഡിക്കല്‍ സെന്ററിലെ ജനറല്‍ പ്രാക്ടീഷണറായിരുന്നു ഡോ. പൂര്‍ണിമ. സന്ദര്‍ലാന്‍ഡ് റോയല്‍ ഹോസ്പിറ്റല്‍ സീനിയര്‍ സര്‍ജന്‍ ഡോ. ബാലാപുരിയാണ് ഭര്‍ത്താവ്. ഏകമകന്‍ വരുണ്‍.

ഇതോടെ ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 13 ആയി. കൊവിഡ് ബാധിച്ച് ബ്രിട്ടനില്‍ ഡോ. പൂര്‍ണിമയുള്‍പ്പടെ പത്ത് ആരോഗ്യപ്രവര്‍ത്തകരാണ് മരിച്ചത്. ഇന്ന് മുതല്‍ ബ്രിട്ടനില്‍ ലോക്ക്ഡൗണില്‍ ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗികളുടെ എണ്ണത്തില്‍ നേരത്തേ കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിലും വീണ്ടും വര്‍ദ്ധിക്കുന്നത് ആശങ്കയാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 627 മരണങ്ങളാണ് രേഖപ്പെടുത്തിയത്. 3093 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 32,692 ആയി.

രാജ്യത്തെ 80% തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും 2500 പൗണ്ട് വരെ സഹായധനം പ്രഖ്യാപിച്ച പദ്ധതിയ്ക്കും ഇന്ന് തുടക്കമാകും. ഏഴര മില്യണ്‍ പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. സ്വകാര്യകമ്പനികളില്‍ കൂട്ടപ്പിരിച്ചുവിടല്‍ ഉണ്ടായാല്‍ത്തന്നെ അത് ജനങ്ങളെ ബാധിക്കാതിരിക്കാനാണ് ഈ പദ്ധതി. 10,000 മില്യണ്‍ പൗണ്ടാണ് ഈ പദ്ധതിക്കായി യുകെ സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News