തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദനം. തിരുവനന്തപുരം പാറശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ സനോജിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറെ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
തിങ്കളാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. കൈയില്‍ പരിക്കേറ്റ് വന്ന രോഗിക്കൊപ്പമുണ്ടായിരുന്നവരാണ് ഡോക്ടറെ മര്‍ദിച്ചത്. ഇവരാരും മാസ്‌ക് ധരിച്ചിരുന്നില്ല. മാസ്‌ക് നിര്‍ബന്ധമായും വയ്ക്കണമെന്ന് പറഞ്ഞതോടെ സംഘം ഡോക്ടറെ മര്‍ദിക്കുകയായിരുന്നു.
അതേസമയം കുട്ടനാട്ടില്‍ ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടേഴ്സ് ആലപ്പുഴ ജില്ലയില്‍ പണിമുടക്കി. അടിയന്തര ചികിത്സകളില്‍ ഒഴികെ വിട്ടുനില്‍ക്കാനാണ് തീരുമാനം. ഒപി, കൊവിഡ് വാക്‌സിനേഷന്‍, പരിശോധന അടക്കമുളള ജോലികളില്‍ നിന്ന് വിട്ടുനിന്നു. അത്യാഹിത-ഗൈനക്കോളജി വിഭാഗം മാത്രമാണ് ഇന്ന് പ്രവര്‍ത്തിച്ചത്. കെജിഎംഒഎയുടെ ആഹ്വാനപ്രകാരമാണ് കൂട്ട അവധി.
ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ കൈനകരി വലിയ പറമ്പില്‍ വിശാഖ് വിജയനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കേസിലെ മറ്റ് പ്രതികളായ പഞ്ചായത്ത് പ്രസിഡന്റിനെയും സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇവര്‍ ഇപ്പോഴും ഒളിവിലാണ്.
കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ.ശരത് ചന്ദ്ര ബോസിനെ 24 ന് വൈകിട്ട് 5 മണിയോടെ കൈനകരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ്, സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ഡി രഘുവരന്‍, വിശാഖ് വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ അസഭ്യം പറയുകയും തടഞ്ഞു വെച്ച് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തെന്നാണ് കേസ്.