കൊച്ചി മെട്രോ ജനകീയ യാത്ര; യു.ഡി.എഫ് നേതാക്കള്‍ക്കെതിരായ കേസുകള്‍ തള്ളി

കൊച്ചി: കൊച്ചി മെട്രോ ജനകീയ യാത്രയില്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരായ കേസുകള്‍ തള്ളി. നേതാക്കള്‍ക്കെതിരായ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് വിചാരണാ കോടതി നിരീക്ഷിച്ചു. കേസില്‍ ഉമ്മന്‍ചാണ്ടി, വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെ 30 പ്രതികളാണ് ഉണ്ടായിരുന്നത്. എറണാകുളത്തെ എംഎല്‍എ എംപിമാരുടെ കോടതിയാണ് നേതാക്കളെ കുറ്റവിമുക്തരാക്കിയത്.

2017ലായിരുന്നു ആലുവ മുതല്‍ പാലാരിവട്ടം വരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ മെട്രോ അതിക്രമിച്ച് കയറി യാത്ര നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കെഎംആര്‍എല്‍ നല്‍കിയ പരാതിയിലാണ് ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

മെട്രോ ഉദ്ഘാടനച്ചടങ്ങും ആദ്യയാത്രയും രാഷ്ട്രീയവത്കരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു യുഡിഎഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടേയും മെട്രോ യാത്ര. എന്നാല്‍ പ്രവര്‍ത്തകര്‍ കൂട്ടമായി മുദ്രാവാക്യം വിളിച്ചും പ്രകടനമായി ആലുവയിലെയും പാലാരിവട്ടെത്തെയും സ്റ്റേഷനിലെത്തിയതോടെ സുരക്ഷ സംവിധാനങ്ങള്‍ താറുമാറായി. ടിക്കറ്റ് സ്‌കാന്‍ ചെയ്ത് മാത്രം പ്ലാറ്റ്‌ഫോമിലേക്ക് കടത്തിവിടേണ്ട ഓട്ടോമാറ്റിക് ടിക്കറ്റ് ഗേറ്റുകള്‍ തിരക്ക് കാരണം തുറന്നിടേണ്ടി വന്നു. യാത്രയ്ക്കിടെ മെട്രോ ട്രെയിനില്‍ വച്ചും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചിരുന്നു.

മെട്രോ ചട്ടം അനുസരിച്ച് ട്രെയിനിലും സ്റ്റേഷന്‍ പരിസരത്തും പ്രകടനം നടത്തുന്നത് ആയിരം രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയാല്‍ 500 രൂപ പിഴയും നല്‍കണം. ജനകീയ യാത്രയ്ക്കിടെ സാധാരണ യാത്രക്കാര്‍ക്ക് പ്ലാറ്റ്‌ഫോമില്‍ നില്‍ക്കാന്‍ പോലും ഇടം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് കൊച്ചി മെട്രോ നല്‍കിയ പരാതിയിലായിരുന്നു കേസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News