തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് ബാധ വര്‍ധിച്ചെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗബാധ കൂടുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. എല്ലാ ജില്ലകളിലും രോഗവ്യാപനം കൂടുകയാണ്. തെരഞ്ഞെടുപ്പിന് ശേഷമാണ് രോഗബാധ വര്‍ധിക്കാന്‍ ഇടയായതെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കൊവിഡ് പ്രതിരോധം തീരുമാനിക്കാന്‍ എല്ലാ ജില്ലകളിലും യോഗം ചേരും. പഞ്ചായത്ത് തലത്തില്‍ കോവിഡ് പ്രതിരോധ സമിതികള്‍ ശക്തമാക്കും. വാര്‍ഡു തലത്തിലും രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കും. രോഗലക്ഷണമുള്ളവരെ പരിശോധനയ്ക്ക് പ്രേരിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കൂട്ടം ചേര്‍ന്ന് വിഷു ആഘോഷിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. അവശ്യമായ വാക്‌സിന്‍ കിട്ടിയിട്ടില്ലെങ്കില്‍ ക്യാമ്പയിന്‍ ബുദ്ധിമുട്ടിലാകും. അടിയന്തരമായി കേന്ദ്രത്തോട് വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ഇന്നലെ 6986 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസര്‍ഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 65,003 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.75 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,37,68,841 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4783 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 197 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6258 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 504 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1243, എറണാകുളം 809, മലപ്പുറം 695, കോട്ടയം 601, കണ്ണൂര്‍ 470, തിരുവനന്തപുരം 381, തൃശൂര്‍ 395, ആലപ്പുഴ 338, പാലക്കാട് 135, കൊല്ലം 298, ഇടുക്കി 276, കാസര്‍ഗോഡ് 228, പത്തനംതിട്ട 205, വയനാട് 184 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 6, എറണാകുളം 5, തൃശൂര്‍ 4, കോഴിക്കോട് 3, തിരുവനന്തപുരം, ഇടുക്കി, കാസര്‍ഗോഡ് 2 വീതം, കൊല്ലം, പത്തനംതിട്ട, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2358 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 130, കൊല്ലം 208, പത്തനംതിട്ട 64, ആലപ്പുഴ 190, കോട്ടയം 176, ഇടുക്കി 77, എറണാകുളം 120, തൃശൂര്‍ 205, പാലക്കാട് 185, മലപ്പുറം 265, കോഴിക്കോട് 407, വയനാട് 34, കണ്ണൂര്‍ 216, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 44,389 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,17,700 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,810 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,64,325 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6485 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1133 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 391 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News