ചെന്നൈ: സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനെതിരെ ഡല്‍ഹിയില്‍ കേരളം നടത്തുന്ന സമരത്തില്‍ ഡി.എം.കെ. പങ്കെടുക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. കേന്ദ്ര അവഗണന സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കേരളം നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ അറിയിച്ച് സ്റ്റാലിന്‍ പിണറായി വിജയന് കത്തെഴുതി. ഇത് പങ്കുവെച്ചുള്ള ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സ്വയംഭരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നതിനെതിരെ സുപ്രീംകോടതിയില്‍ കേരള സര്‍ക്കാരിന്റെ ഹര്‍ജിക്ക് തമിഴ്നാട് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് പിണറായിക്ക് എഴുതിയ മറുപടി കത്തില്‍ താന്‍ ഉറപ്പ് കൊടുത്തിട്ടുണ്ടെന്ന് സ്റ്റാലില്‍ മലയാളത്തില്‍ പങ്കുവെച്ച എക്‌സ് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
‘തെക്കേ ഇന്ത്യയില്‍ ഞങ്ങളും സഖാവ് പിണറായിയും കിഴക്ക് ബഹുമാനപ്പെട്ട സഹോദരി മമതയും കൂടാതെ നമ്മുടെ ഭരണഘടനയില്‍ അചഞ്ചലമായ വിശ്വാസമുള്ള നേതാക്കള്‍ എല്ലാവരും ഇന്ന് സംസ്ഥാന സ്വയംഭരണത്തിനായി ഒരുമിച്ച് നില്‍ക്കുന്നു. സഹകരണ ഫെഡറലിസം സ്ഥാപിച്ച്, സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം നേടിയെടുക്കുന്നതില്‍ വിജയിക്കുന്നത് വരെ ഞങ്ങളുടെ പ്രതിഷേധം അവസാനിക്കില്ല’, സ്റ്റാലിന്‍ കുറിച്ചു.
സംസ്ഥാനസ്വയംഭരണം എന്ന മുദ്രാവാക്യത്തിന്റെ തീജ്വാലകളെ അണയ്ക്കാന്‍ ബിജെപിക്ക് ഒരിക്കലും കഴിയില്ല. ധനകാര്യം,ഭരണം മുതലായവയില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ നമ്മള്‍ ഉറപ്പായും ഉയര്‍ത്തിപ്പിടിക്കും. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.