‘ഹിന്ദി തെരിയാത് പോടാ’ഹിന്ദി വിരുദ്ധ പ്രക്ഷോഭവുമായി ഡല്‍ഹിയിലേക്കെന്ന് ഡി.എം.കെ

ചെന്നൈ: തൊഴിൽ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുളള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാക്കാൻ ഡിഎംകെ. കേന്ദ്ര സർക്കാർ പിൻവാങ്ങിയില്ലെങ്കിൽ ‘ഹിന്ദി തെരിയാത് പോടാ’ പ്രചാരണവുമായി ഡൽഹിയിലേക്ക് എത്തുമെന്ന് ഡിഎംകെ മുന്നറിയിപ്പ് നൽകി.

ഡിഎംകെ യുവജന വിഭാ​ഗം സെക്രട്ടറി ഉദയനിധി സ്റ്റാലിൻ എംഎൽഎയുടെ നേതൃത്വത്തിൽ ചെന്നൈയിൽ നടന്ന പ്രതിഷേധത്തിന് പിന്നലെയാണ് തീരുമാനം പ്രഖ്യാപിച്ചത്.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ തുടർന്നാൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നു. നീറ്റ് പൊതു പ്രവേശന പരീക്ഷ, കേന്ദ്ര സർക്കാരിന്റെ മറ്റ് നയങ്ങൾ എന്നിവക്കെതിരെയായിരുന്നു ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്.

ഒരു രാഷ്ട്രം, ഒരു മതം, ഒരു ഭാഷ എന്ന കേന്ദ്ര സർക്കാർ നയം 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ തുടക്കമാണ്. 2019ലെ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ ജനങ്ങൾ ബിജെപിയെ പരാജയപ്പെടുത്തിയത് പോലെ 2024 തെരഞ്ഞെടുപ്പിലും പരാജയപ്പെടുത്തുമെന്നും ഉദയനിധി പറഞ്ഞു. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ഡിഎംകെ എപ്പോഴും നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി കോയമ്പത്തൂർ ജില്ലയിൽ നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് ഡിഎംകെ കോയമ്പത്തൂർ അർബൻ ജില്ലാ സെക്രട്ടറി എൻ കാർത്തിക് പറഞ്ഞിരുന്നു.

മുൻകാലങ്ങളിൽ സംസ്ഥാന സ്വയംഭരണത്തിനും തമിഴ് ഭാഷയ്ക്കും ഭീഷണിയുണ്ടായപ്പോഴെല്ലാം ഡിഎംകെ അതിനെ ശക്തമായി എതിർത്തിട്ടുണ്ടെന്നും കേന്ദ്രസർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രം, ഒരു മതം, ഒരു ഭാഷ എന്ന സങ്കൽപ്പത്തിലൂടെ രാജ്യത്തിന്റെ വൈവിധ്യത്തെ തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും കാർത്തിക് ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News