വിജയ്‌യെ പൂട്ടാൻ രാഷ്ട്രീയ വൈര്യം മറന്ന് ദ്രാവിഡ ഐക്യം?; ബിജെപിയെ വിടണം, എഐഎഡിഎംകെയ്ക്ക് മുന്നിൽ കടുത്ത ഉപാധികളുമായി ഡിഎംകെ

ബിജെപിസഖ്യം വിട്ടിട്ട് മതി ചർച്ചയെന്ന് എഐഎഡിഎംകെയോട് DMK; തമിഴ്നാട്ടിൽ ദ്രാവിഡപാർട്ടികളുടെ സർക്കാർ?

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടെ അസാധാരണമായൊരു ബാന്ധവത്തിന് അരങ്ങൊരുങ്ങുന്നതായി സൂചന. രാഷ്ട്രീയവൈരികളായ ഡിഎംകെയും എഐഡിഎംകെയും ചേർന്ന് സഖ്യസർക്കാർ രൂപവത്കരിക്കാനുള്ള സാധ്യതകൾ തെളിയുന്നു. കേവലഭൂരിപക്ഷം തികയ്ക്കാനാകാത്തിനാൽ നടൻ വിജയ്‌യുടെ ടിവികെയെ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിക്കാൻ ഗവർണർ രാജേന്ദ്ര ആർലേക്കർ തയ്യാറാകാത്തതാണ് തമിഴകം ഇതുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയനീക്കങ്ങൾക്ക് വഴിതെളിക്കുന്നത്.

ഇരുപാർട്ടികളും തമ്മിൽ ധാരണയിൽ ഏർപ്പെടാനുള്ള ചർച്ചകളിലേക്ക് കടക്കുന്നതിന് മുന്നേതന്നെ ബിജെപിയുമായുള്ള സഖ്യം എഐഎഡിഎംകെ അവസാനിപ്പിക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെയും ബിജെപിയും ചേർന്ന് എൻഡിഎ മുന്നണിയായാണ് മത്സരിച്ചത്. ആ സഖ്യം പിരിയണമെന്നാണ് എഐഎഡിഎംകെയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽമാത്രമേ പുറമേനിന്ന് പിന്തുണയ്ക്കാൻ തയ്യാറാകുകയുള്ളൂവെന്നാണ് ഡിഎംകെ നിലപാട്. മാത്രമല്ല, ഡിഎംകെ നേതൃത്വംനൽകുന്ന മുന്നണിയിലെ വിസികെ പോലുള്ള ചെറുകക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകണമെന്നത് ഉൾപ്പെടെയുള്ള ആവശ്യവും ഡിഎംകെ മുന്നോട്ടുവെക്കുന്നുണ്ട്.

രണ്ട് സീറ്റുകളിൽ വിജയിച്ച വിസികെയോട് നേരത്തെ വിജയ് പിന്തുണ തേടുകയും അവർ അതിന് സമ്മതംമൂളുന്ന സാഹചര്യത്തോട് അടുക്കുകയും ചെയ്തിരുന്നു. എന്നാൽ, വിസികെയ്ക്ക് മന്ത്രിപദം നൽകണമെന്ന ഡിഎംകെയുടെ ഉപാധി വിസികെയെ പുനരാലോചനയ്ക്ക് പ്രേരിപ്പിച്ചുവെന്നാണ് വിവരം. ഇതോടെ വിജയ് പക്ഷത്തേക്ക് നീങ്ങാതെ ഡിഎംകെ മുന്നണിക്കൊപ്പം നിൽക്കാനാണ് വിസികെ നിലവിൽ താത്പര്യപ്പെടുന്നത്. വിസികെയെ കൂടാതെ കോൺഗ്രസ്, സിപിഐ, സിപിഎം എന്നീ കക്ഷികളോടും വിജയ് പിന്തുണ തേടിയിരുന്നു. അഞ്ച് സീറ്റിൽ ജയിച്ച കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ നൽകിക്കഴിഞ്ഞു.

വിജയ് ജയിച്ച രണ്ടുസീറ്റ് ഉൾപ്പെടെ 108 സീറ്റുകളാണ് വിജയ്‌യുടെ ടിവികെയ്ക്കുള്ളത്. 234 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് ആവശ്യം 118 എംഎൽഎമാരുടെ പിന്തുണയാണ്. ഡിഎംകെ-59, എഐഎഡിഎംകെ-47 എന്നിങ്ങനെയാണ് സീറ്റ് നില. ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് സമ്പാദ്യം.

English Summary

In an extraordinary political twist in Tamil Nadu, arch-rivals DMK and AIADMK are reportedly considering an alliance to prevent Vijay’s TVK from forming the government. Despite TVK being the single largest party, Governor Rajendra Arlekar’s hesitation to invite them due to a lack of majority has paved the way for this move. DMK has demanded that AIADMK sever its ties with the BJP-led NDA as a precondition for support. Meanwhile, VCK, which was initially leaning towards Vijay, has reconsidered following DMK’s offer of cabinet positions. While Congress has extended support to TVK, the shifting loyalty of smaller parties remains crucial.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News