മുംബൈ:മുംബയിലെ ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടെയും മരണത്തിന് ഇടയാക്കിയത് തണ്ണിമത്തനിലൂടെയുള്ള ഭക്ഷ്യവിഷബാധയല്ലെന്ന് കണ്ടെത്തൽ. ആന്തരികാവയവങ്ങളുടെ പരിശോധനാഫലത്തിൽ മരണത്തിന് കാരണം എലി വിഷമാണെന്ന് കണ്ടെത്തി.മരിച്ചവരുടെ ശരീരത്തിലും അവർ കഴിച്ച പഴത്തിന്റെ അവശിഷ്ടങ്ങളിലും എലിയെ കൊല്ലാൻ ഉപയോഗിക്കുന്ന വിഷാംശത്തിന്റെ സാന്നിധ്യം അടങ്ങിയിരുന്നതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി.
എലിവിഷത്തിൽ സാധാരണയായി ഉപയോഗിക്കുന്ന സിങ്ക് ഫോസ്‌ഫൈഡ് എന്ന രാസവസ്തുവാണ് ആന്തരികാവയവ സാമ്പിളുകളിൽ കണ്ടെത്തിയതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. പോസ്റ്റ്‌മോർട്ടത്തിൽ ആന്തരികാവയവങ്ങളിൽ വിഷബാധയുമായി ബന്ധപ്പെട്ട ‘പച്ച നിറം’ കണ്ടെത്തി ദിവസങ്ങൾക്ക് ശേഷമാണ് കേസിൽ വലിയ വഴിത്തിരിവ് ഉണ്ടായത്.
ഏപ്രിൽ 25-ാം തീയതി ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. അബ്ദുള്ള ദൊകാഡിയ (45), ഭാര്യ നസ്രീൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണ് മരിച്ചത്. സംഭവദിവസം മുംബൈയിലെ തങ്ങളുടെ വീട്ടിൽ ഇവർ ബന്ധുക്കൾക്കായി വിരുന്നൊരുക്കിയിരുന്നു. ബന്ധുക്കൾ പോയശേഷം രാത്രി ഒരു മണിയോടെയാണ് കുടുംബം തണ്ണിമത്തൻ കഴിച്ചത്.
പിന്നാലെ ഉറങ്ങാൻ കിടന്നെങ്കിലും പുലർച്ചെ അഞ്ച് മണിയോടെ എല്ലാവർക്കും കഠിനമായ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. ആദ്യം കുടുംബ ഡോക്ടറെ കാണിച്ചു, അവർ ഉടൻതന്നെ എല്ലാവരേയും അടുത്തുള്ള ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഞായറാഴ്ച രാവിലെ 10 മണിയോടെ ഇളയമകൾ മരിച്ചു. പിന്നാലെ മറ്റുള്ളവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരിച്ചവരുടെ തലച്ചോർ, ഹൃദയം, കുടൽ എന്നിവയുൾപ്പെടെയുള്ള ചില ആന്തരികാവയവങ്ങൾ പച്ചനിറമായി മാറിയിരുന്നതായി ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്. വിഷബാധയെ സൂചിപ്പിക്കുന്ന ഈ കണ്ടെത്തലിന് പിന്നാലെയാണ് പോലീസ് വിശദമായ പരിശോധനയിലേക്ക് കടന്നത്. ഇതിലാണ് ഇവരുടെ ഉള്ളിൽ എലിവിഷത്തിൽ ഉപയോഗിക്കുന്ന സിങ്ക് ഫോസ്‌ഫൈിന്റെ സാന്നിധ്യം കണ്ടെത്തിയത്.
ഇവർ കഴിച്ച തണ്ണിമത്തന്റെ സാമ്പിളുകളിലും സിങ്ക് ഫോസ്‌ഫൈറ്റ് കണ്ടെത്തിയിരുന്നു. ഭക്ഷണം കഴിച്ച അതിഥികൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാത്തതിനാൽ, ഈ രാസവസ്തു അബദ്ധത്തിൽ പഴത്തിൽ കലർന്നതാണോ അതോ ആരെങ്കിലും മനഃപൂർവ്വം കലർത്തിയതാണോ എന്ന് അന്വേഷിച്ചുവരികയാണ് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
അബ്ദുള്ള ദൊകാഡിയയുടെ ശരീരത്തിൽ മോർഫിൻ എന്ന ശക്തമായ വേദനാസംഹാരിയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ഇത് മുൻപ് നടന്ന ഏതെങ്കിലും ചികിത്സയുടെ ഭാഗമാണോ, അബദ്ധത്തിൽ ശരീരത്തിലെത്തിയതാണോ അതോ ഇതിൽ കൂടുതൽ ദുരൂഹതയുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കൂടുതൽ വ്യക്തതയ്ക്കായി പോലീസ് മറ്റ് കുടുംബാംഗങ്ങളുടെ മൊഴികൾ രേഖപ്പെടുത്തി വരികയാണ്.
English Summary
Forensic reports have confirmed that the tragic death of a family in Mumbai was caused by rat poison, specifically Zinc Phosphide, and not food poisoning from watermelon as previously suspected. Traces of the toxic chemical were found in the internal organs of the deceased as well as on the remains of the fruit. The post-mortem report had earlier noted a ‘greenish discoloration’ in the organs, which is a classic sign of Zinc Phosphide ingestion. Authorities believe the contamination occurred accidentally through contact with the poison stored in the house.


