പിന്തുണ തേടിയത് വാട്‌സ്ആപ്പ് വഴി, വിജയ്‌യുടേത് രാഷ്ട്രീയ അഹങ്കാരം; രൂക്ഷവിമർശനവുമായി വിസികെ; തമിഴ്‌നാട്ടില്‍ അനിശ്ചിതത്വം തുടരുന്നു

പിന്തുണ തേടിയത് വാട്‌സ്ആപ്പ് വഴി, വിജയ്ക്ക് അഹങ്കാരമെന്ന് വിസികെ; അനിശ്ചിതത്വം തുടരുന്നു

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെ, നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയിക്കെതിരെ രൂക്ഷവിമർശനവുമായി വിടുതലൈ ചിരുതൈഗൾ കക്ഷി (വിസികെ) രംഗത്തെത്തി. സർക്കാർ രൂപവത്കരിക്കാൻ രാഷ്ട്രീയ നേതാക്കളെ നേരിട്ട് കണ്ട് പിന്തുണ തേടുന്നതിന് പകരം വാട്‌സ്ആപ്പ് സന്ദേശങ്ങൾ അയക്കുന്ന വിജയിയുടെ രീതി അഹങ്കാരമാണെന്ന് വിസികെ ജനറൽ സെക്രട്ടറി ചിന്തനൈ സെൽവൻ കുറ്റപ്പെടുത്തി.

ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ അംഗബലം ഇല്ലാത്ത സാഹചര്യത്തിൽ വിജയ് നേരിട്ട് നേതാക്കളെ കാണണമായിരുന്നുവെന്ന് വിസികെ പറഞ്ഞു. പിന്തുണ ആവശ്യപ്പെട്ട് വാട്‌സ്ആപ്പിൽ സന്ദേശമയച്ച് അതിന് മറുപടി നൽകാൻ ആവശ്യപ്പെടുന്നത് രാഷ്ട്രീയ മര്യാദയല്ലെന്ന് ചിന്തനൈ സെൽവൻ എക്‌സിൽ കുറിച്ചു.

വിജയ് തെറ്റായ രീതിയിലാണ് നയിക്കപ്പെടുന്നതെന്നും രണ്ടാംനിര നേതാക്കളുടെ സ്വാധീനത്തിലാണെന്നും വിസികെ ആരോപിക്കുന്നു. ഗവർണർ വഴി തമിഴ്‌നാട്ടിൽ ബിജെപി സ്വാധീനം ഉറപ്പിക്കുന്നത് തടയാൻ വിജയ് ജാഗ്രത കാട്ടിയില്ലെന്നും വിമർശനമുണ്ട്. ഡിഎംകെ ഭരണത്തെ ‘രാജഭരണം’ എന്ന് വിമർശിക്കുമ്പോൾത്തന്നെ അവരുടെ സഖ്യകക്ഷികളോട് പിന്തുണ തേടുന്നതിലെ യുക്തിയെ വിസികെ ചോദ്യം ചെയ്തു. കൂടാതെ, വിസികെ പ്രവർത്തകരെ ‘സ്ലീപ്പർ സെല്ലുകൾ’ എന്ന് വിശേഷിപ്പിച്ച ടിവികെ ഭാരവാഹികളുടെ പ്രസ്താവനകളെയും സെൽവൻ ശക്തമായി അപലപിച്ചു.

തിരഞ്ഞെടുപ്പിന് പിന്നാലെ എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റിയ ടിവികെയുടെ നടപടി തമിഴ്‌നാട്ടിൽ ‘റിസോർട്ട് രാഷ്ട്രീയം’ വീണ്ടും കൊണ്ടുവന്നതായി വിസികെ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയിട്ടും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാൽ വിജയിയുടെ അവകാശവാദം ഗവർണർ രണ്ടുതവണ നിരസിച്ചിരുന്നു. ഈ സാഹചര്യത്തിൽ ബിജെപി സംസ്ഥാനത്ത് ഗവർണർ ഭരണം ഏർപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വിസികെ മുന്നറിയിപ്പ് നൽകി.

VCK General Secretary Chinthanaiselvan has criticized TVK leader Vijay, labeling his method of seeking political support via WhatsApp instead of personal meetings as “political arrogance.” The VCK accused Vijay of being misled by second-tier leaders and criticized his move to shift MLAs to resorts, marking a return of “resort politics” in Tamil Nadu. Amidst the deadlock in government formation, VCK warned that Vijay’s lack of political maturity is paving the way for potential Governor’s rule, aided by the BJP.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News