കണ്ണൂർ: വനിതാ സിവിൽപോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സൗഭാഗ്യത്തിൽ പി.ദിവ്യശ്രീയെ (38) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പെരളം കോഴുമ്മൽ കോട്ടൂൽ കുന്നുമ്മൽ രാജേഷിനെ (41) ആണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കെ.ടി.നിസാർ അഹമ്മദ് വെള്ളിയാഴ്ച വിധിക്കും. ദിവ്യശ്രീയെ കൊലപ്പെടുത്തുകയും തടയാനെത്തിയ അച്ഛനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ്. കൊലപാതകം, കൊലപാതക ശ്രമം, കൊലപാതകത്തിനായി വീട്ടിൽ അതിക്രമിച്ച് കയറൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി.
2024 നവംബർ 21-ന് വൈകീട്ട് 5.30-നായിരുന്നു സംഭവം. കൊലപാതകം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ദിവ്യശ്രീ നിലവിളിക്കുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ വിചാരണസമയത്ത് കോടതി കണ്ടു. പ്രതി കൊടുവാൾകൊണ്ട് വീടിന്റെ ഗ്രിൽസിന് വെട്ടിയതായി പരിക്കേറ്റ അച്ഛൻ കെ.വാസു മൊഴി നൽകി. വീട്ടിന്റെ വരാന്തയിൽ പെട്രോൾ ഒഴിച്ചതിനുശേഷം ദിവ്യശ്രീയെ പലതവണ വെട്ടി. രക്ഷപ്പെടാൻ ശ്രമിച്ച ദിവ്യശ്രീയെ ഗേറ്റിന് സമീപം പിന്തുടർന്ന് വെട്ടി. തടയാൻ ശ്രമിച്ചപ്പോഴാണ് വാസുവിനെയും വെട്ടിയത്.
സംഭത്തിനുശേഷം രാജേഷ് ബൈക്ക് ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്. മറ്റു രണ്ടുപേരുടെ ബൈക്കിലും ഓട്ടോയിലും സഞ്ചരിച്ച് പെരുമ്പയിലെത്തി. വെട്ടാനുപയോഗിച്ച കൊടുവാൾ പുഴയിൽ ഉപേക്ഷിച്ച് എ.ടി.എമ്മിൽനിന്ന് 20,000 രൂപയെടുത്ത് ബസിന് പുതിയതെരുവിലെത്തി. ബാറിൽ മദ്യപിക്കുമ്പോൾ രാത്രി 8.20-ന് പോലീസ് പിടിയിലായി. കൊടുവാൾ പിന്നീട് പുഴയിൽനിന്ന് പോലീസ് കണ്ടെടുത്തു.
ഇവരുടെത് പ്രണയ വിവാഹമായിരുന്നു. വിവാഹശേഷം ദിവ്യശ്രീക്ക് പോലീസിൽ ജോലിലഭിച്ചു. രാജേഷ് ഡ്രൈവറായിരുന്നു. രാജേഷിന്റെ മദ്യപാനത്തെ തുടർന്ന് ദാമ്പത്യം തകർന്നതാണ് ദാരുണ സംഭവങ്ങളിലേക്ക് നയിച്ചത്. ദിവ്യശ്രീ കുടുംബകോടതിയിൽ നൽകിയ വിവാഹമോചന ഹർജിയിൽ ഏഴുലക്ഷം രൂപ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുടുംബകോടതിയിൽ മധ്യസ്ഥ ചർച്ച നടന്നദിവസം വൈകീട്ടാണ് കൊലപാതകം നടന്നത്. ചന്തേര പോലീസ് സ്റ്റേഷനിലായിരുന്ന ദിവ്യശ്രീ അന്ന് ശബരിമലയിൽ സേവനത്തിന് പോകേണ്ടതായിരുന്നു. ഇവർക്ക് ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകനുണ്ട്.
കൊലപ്പെടുത്തിയ കൊടുവാൾ പുഴയിൽ ഉപേക്ഷിച്ചത് കണ്ടെടുക്കുന്നതും അന്വേഷണ ഉദ്യോഗസ്ഥൻ പ്രതിയുടെ മൊഴിയെടുക്കുന്നതും പോലീസ് ചിത്രീകരിച്ചിരുന്നു. ആയുധവും പെട്രോളും വാങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശ്യം അന്വേഷണസംഘം ശേഖരിച്ചു. ഇവയും പ്രതിയുടെ ബൈക്കുൾപ്പെടെ 51 തൊണ്ടിമുതലുകളും 102 രേഖകളും കോടതിയിൽ ഹാജരാക്കി. 92 സാക്ഷികളിൽ 65 പേരെ വിസ്തരിച്ചു. പയ്യന്നൂർ പോലീസ് ഇൻസ്‌പെക്ടർ ശ്രീഹരിയാണ് കേസന്വേഷിച്ചത്. ശ്രീഹരിയെ അഞ്ച് ദിവസം വിസ്തരിച്ചു. ദിവ്യശ്രീയുടെ അച്ഛൻ വാസു, അയൽവാസി ശശിമോഹൻ, ദിവ്യശ്രീയുടെ അനുജത്തി പ്രവിത, മൃതദേഹം പരിശോധിച്ച കണ്ണൂർ മെഡിക്കൽ കോളേജിലെ ഡോ. പ്രജിത്ത് എന്നിവരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു.
സെൻട്രൽ ജയിലിൽ ജൂഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി തിരിച്ച് ജയിലേക്ക് കൊണ്ടുപോയി. വിചാരണ തീരുമാനിച്ചപ്പോൾ പ്രതിക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി പ്രതിഭാഗം കോടതിയെ അറിയിച്ചതിനെ തുടർന്ന് മനോരോഗ ചികിത്സയ്ക്ക് ഒരുമാസം കോഴിക്കോട് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മാനസിക പ്രശ്‌നമില്ലെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയതിനെ തുടർന്ന് ജനുവരി 19-ന് കേസ് വിചാരണ തുടങ്ങി.
English Summary
The Thalassery Principal District Sessions Court has found Rajesh (41) guilty of murdering his wife, P. Divyasree (38), a Women Civil Police Officer attached to the Chandera station. The verdict, delivered by Judge K.T. Nisar Ahamad, confirmed Rajesh’s guilt in charges including murder, attempted murder of Divyasree’s father, criminal trespass, and destruction of evidence. The brutal incident occurred on November 21, 2024, at Divyasree’s residence in Karivellur, where Rajesh attacked her with a machete and poured petrol on the veranda. The crime was captured on CCTV, providing crucial evidence during the trial. The sentence is scheduled to be pronounced on Friday, April 10, 2026.


