തിരുവനന്തപുരം: വോട്ട് രേഖപ്പെടുത്തി നടൻ മോഹൻലാലും. നേമം മണ്ഡലത്തിലെ മുടവൻമുകൾ സ്കൂൾ ബൂത്ത് 36ൽ എത്തിയാണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്. `ദിസ് ഈസ് മൈ മെസേജ്’ എന്നായിരുന്നു മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയർത്തി കാട്ടിയുള്ള നടൻ്റെ പ്രതികരണം. വോട്ട് ചെയ്തതിൻ്റെ ചിത്രം മോഹൻലാൽ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ മോഹൻലാൽ പോളിങ് ബൂത്തിൽ എത്തിയിരുന്നു. ക്യൂ നിന്ന് തന്നെയാണ് നടൻ വോട്ട് രേഖപ്പെടുത്തിയത്.
വോട്ട് ചെയ്ത ശേഷം അമേരിക്കയിലേക്ക് പോകാനിരിക്കെയാണ് അദ്ദേഹം വോട്ട് ചെയ്യാനായി മാത്രം കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെത്തിയത്.സ്ഥാനാർത്ഥികളായ കെ.എസ്. ശബരീനാഥനും വി. ശിവൻകുട്ടിയും താരത്തോടൊപ്പമുണ്ടായിരുന്നു.
ഈ നിമിഷത്തെക്കുറിച്ച് ശബരീനാഥൻ കുറിച്ചത് ഇങ്ങനെ.ജനാധിപത്യത്തിന്റെ സൗന്ദര്യം: “ജനാധിപത്യത്തിന്റെ സൗന്ദര്യം ഇതാണ്.വോട്ട് ചെയ്യുവാൻ വേണ്ടി മാത്രം അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പ് കൊച്ചിയിൽ നിന്നും മുടവൻമുകൾ സ്‌കൂളിലെത്തിയ ലാലേട്ടൻ….കൂടെ സ്‌ഥാനാർത്ഥികളായ ഞാനും ശിവൻകുട്ടിയും.” എത്ര തിരക്കുകൾക്കിടയിലും വോട്ട് രേഖപ്പെടുത്താൻ താരം കാണിച്ച താല്പര്യം എല്ലാവർക്കും മാതൃകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലാലേട്ടന്റെ വരവോടെ മുടവൻമുകൾ സ്കൂൾ പരിസരത്ത് വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പുരട്ടിയ അടയാളം കാണിച്ചാണ് അദ്ദേഹം മടങ്ങിയത്.വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും താരം നേരത്തെ ആഹ്വാനം ചെയ്തിരുന്നു.മോഹൻലാലിനെ കൂടാതെ മറ്റ് പല സെലിബ്രിറ്റികളും പ്രമുഖരും വോട്ട് ചെയ്യാനെത്തി.
English Summary
Malayalam superstar Mohanlal cast his vote at Booth 36 of Mudavanmugal School in the Nemom constituency. Arriving early before the polling commenced, the actor stood in queue like a common citizen to exercise his franchise. After voting, he held up his inked finger and told the media, “This is my message.” Mohanlal also shared a picture of himself after voting on his social media accounts, encouraging everyone to participate in the democratic process. Nemom is one of the most high-profile constituencies in the current assembly elections.


