‘ആൾദൈവം’ ഖരാട്ടിന്റെ അശ്ലീല വീഡിയോകൾ: 450 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ കേസ്

മുംബൈ: പീഡനക്കേസിൽ അറസ്റ്റിലായ നാസിക്കിലെ ‘ആൾദൈവം’ അശോക് കുമാർ ഖരാട്ട് രഹസ്യക്യാമറയിലൂടെ പകർത്തിയ അശ്ലീല വിഡിയോകൾ പോസ്റ്റ് ചെയ്ത വെബ്സൈറ്റുകൾക്കും അവ പ്രചരിപ്പിച്ച 450 സമൂഹമാധ്യമ അക്കൗണ്ടുകൾക്കുമെതിരെ പൊലീസ് കേസെടുത്തു. അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തെന്ന കുറ്റത്തിന് ഐടി നിയമപ്രകാരമാണു കേസെടുത്തത്. 3 വർഷം പീഡിപ്പിച്ചെന്ന് ആരോപിച്ച് 35 വയസ്സുകാരി നൽകിയ പരാതിയെത്തുടർന്നു കഴിഞ്ഞ 18നാണ് ഖരാട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതിനു പിന്നാലെ 7 പീഡനക്കേസുകൾ ഉൾപ്പെടെ 12 കേസുകളാണ് ഇയാൾക്കെതിരെ റജിസ്റ്റർ ചെയ്തത്.

മർച്ചന്റ് നേവിയിൽ നിന്നു വിരമിച്ച ശേഷം ആത്മീയ ബിസിനസിലേക്കു കടന്ന ഇയാൾ ഉന്നതരാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും വ്യവസായികളുടെയും വിനോദ മേഖലയിലെ പ്രമുഖരുടെയും ജ്യോതിഷിയായിരുന്നു. പലവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉപദേശം തേടി തന്റെ പക്കലെത്തിയിരുന്ന സ്ത്രീകളെയാണു ഖരാട്ട് പീഡിപ്പിച്ചിരുന്നത്. ഓഫിസിലെ രഹസ്യക്യാമറയിലൂടെ ഖരാട്ട് പകർത്തിയ പീഡനരംഗങ്ങളാണ് ഇപ്പോൾ വെബ്സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നത്. ചില വെബ്സൈറ്റുകൾ വിഡിയോ കാണുന്നതിന് 20 മുതൽ 50 രൂപ വരെ ഈടാക്കിയിട്ടുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

നൂറിലേറെ സ്ത്രീകളുടെ വിഡിയോ അടങ്ങിയ പെൻഡ്രൈവാണ് ഖരാട്ടിൽ നിന്നു പൊലീസ് പിടിച്ചെടുത്തത്. ദൃശ്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള സ്ത്രീകളിൽ ചിലർ നൽകിയ പരാതിയെത്തുടർന്നാണ് അവ പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് നടപടിയെടുത്തു തുടങ്ങിയത്.

അതേ സമയം, രണ്ടാമത്തെ പീഡനക്കേസിൽ നാസിക് കോടതി ഖരാട്ടിനെ 12 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മതപരമായ ആചാരങ്ങൾക്കെന്ന പേരിൽ വിളിച്ചുവരുത്തി 2020 മുതൽ പലവട്ടം പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി നൽകിയ പരാതിയിലാണിത്. കേസിലെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്നു പ്രതിയെ വിഡിയോ കോൺഫറൻസിങ് വഴിയാണ് ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. ഖരാട്ടിനെതിരെ വലിയ ജനരോഷം നിലനിൽക്കവേ ആക്രമിക്കപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ടാണു നേരിട്ട് കോടതിയിൽ എത്തിക്കാതിരുന്നത്.

വിവാഹത്തിനു മുൻപേ ഒരു ബന്ധുവിന്റെ നിർദേശപ്രകാരം അനുഗ്രഹം തേടിയാണു ഖരാട്ടിനെ ആദ്യമായി കണ്ടതെന്നും വിവാഹശേഷം കുടുംബപ്രശ്‌നങ്ങളുണ്ടായപ്പോൾ പരിഹാരം നിർദേശിക്കാമെന്ന വ്യാജേന വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നെന്നുമാണു യുവതിയുടെ ആരോപണം. ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചെന്നും പരാതിയിലുണ്ട്.

English Summary

Nashik police have registered cases against 450 social media accounts and several websites for circulating explicit videos recorded by the arrested self-styled godman Ashok Kumar Kharat. Kharat, a former Merchant Navy officer turned celebrity astrologer, was arrested on March 18 following a rape complaint by a 35-year-old woman. Investigations revealed that he used hidden cameras in his office to record the exploitation of women who sought his advice. Some websites reportedly charged between ₹20 and ₹50 to view the content. Currently facing 12 criminal cases, including seven for rape, Kharat’s connections with high-profile politicians and businessmen are also under the scanner.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News