കൊച്ചി:നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ എന്നതിലുപരി വ്‌ളോഗര്‍ കൂടിയായ ദിയ കൃഷ്ണയെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ദിയ ബിഗ് ബോസ് ഷോ യിലേക്ക് പോവുന്നതായി ചില പ്രചരണങ്ങള്‍ അടുത്തിടെ ഉണ്ടായിരുന്നു. എന്നാല്‍ അങ്ങനൊരു സംഭവമേയില്ല, താന്‍ ഷോ യിലേക്ക് പോകുന്നില്ലെന്നാണ് പുതിയ ക്യൂ ആന്‍ഡ് എ യിലൂടെ ദിയ പറഞ്ഞത്.
മാത്രമല്ല ജീവിതത്തിലെ പല കാര്യങ്ങളെ കുറിച്ചും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ ദിയ സംസാരിച്ചിരിക്കുകയാണ്. ബോഡി ഷെയിമിങ്ങ് അനുഭവിച്ചതിനെ കുറിച്ച് മുതല്‍ ഇപ്പോള്‍ ആരെയെങ്കിലും കരി വാരിത്തേക്കാന്‍ ശ്രമിക്കുന്നതല്ലെന്ന് അടക്കം നിരവധി കാര്യങ്ങളെ പറ്റിയാണ് ദിയ സംസാരിച്ചിരിക്കുന്നത്.
ദിയ സുഖമായിരിക്കുന്നോ എന്ന മെസേജിനാണ് താരപുത്രി ആദ്യം മറുപടി കൊടുത്തത്. തീര്‍ച്ചയായും ഞാന്‍ സുഖമായിരിക്കുന്നു. യാതൊരു പ്രശ്‌നങ്ങളുമില്ല. ഈ ചോദ്യം ഞാന്‍ മനഃപൂര്‍വ്വം എടുത്തതാണ്. കാരണം രണ്ടായിരത്തിലധികം മെസേജുകളാണ് എനിക്ക് വന്നത്. അവരോടെല്ലാമായിട്ടാണ് ഇത് പറയുന്നതെന്ന് ദിയ കൂട്ടിച്ചേര്‍ക്കുന്നു.
എന്റെ ജീവിതത്തെ പറ്റി ഇത്രയധികം നെഗറ്റീവ് വാര്‍ത്തകള്‍ വന്നിട്ടും ഇങ്ങനെ കൂളായിരിക്കാന്‍ സാധിക്കുന്നത് എങ്ങനെയാണെന്നാണ് അടുത്ത ചോദ്യം. ‘ഇങ്ങനൊരു ചോദ്യം വരാനുണ്ടായ കാരണം എന്താണെന്ന് എനിക്കറിയാം. ആരെ കുറിച്ചും പറയാനോ അവരുടെ മുഖത്ത് കരി വാരി തേക്കാനോ എനിക്ക് ഇഷ്ടമില്ല. അതുകൊണ്ട് പറയുന്നില്ല. നെഗറ്റീവ് കമന്റുകള്‍ ഇതാദ്യമല്ല. വെറുതേ വീട്ടിലിരുന്നാലും അത് വരും. ഈ കണ്ടന്റ് ഉണ്ടാക്കുന്നവര്‍ നമ്മുടെ തല ഉപയോഗിച്ച് ജീവിക്കുന്നു എന്നേയുള്ളു’,.
ഇല്ലാത്തൊരു കഥ ഉണ്ടാക്കി എടുക്കുന്നതാണ് പതിവ്. ചുമ്മാതിരിക്കുന്ന ഒരാളെ ഗര്‍ഭിയാക്കുന്നു, അതിലെ പോയ ഒരാളെ തേച്ചു എന്ന് പറയുന്നു, ഇങ്ങനെ കഥയുണ്ടാക്കുകയും അത് കാണാന്‍ ഇവിടെയുള്ളവര്‍ക്ക് കൗതുകം കൂടുതലുമാണ്. ഞാന്‍ പോലും ഇത്തരമൊരു കണ്ടന്റ് കാണുമ്പോള്‍ എന്താ സംഭവമെന്ന് അറിയാന്‍ വേണ്ടി അത് തുറന്ന് നോക്കും.
സോഷ്യല്‍ മീഡിയയിലൂടെ സന്തോഷങ്ങളാണ് പങ്കുവെച്ചിരുന്നത്. നമുക്ക് ഇഷ്ടമുള്ളവരുടെ കൂടെയുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെ പങ്കുവെച്ചിട്ടുണ്ട്. അതൊക്കെ ഡിലീറ്റ് ചെയ്യാനും നമുക്ക് അവകാശമുണ്ട്. എന്ന് കരുതി അതിന്റെ കാരണമെന്താണെന്ന് ഓരോരുത്തരോടും വിളിച്ച് പറയാന്‍ സാധിക്കില്ല.
അതില്‍ കൂടുതല്‍ ചോദിക്കാനുള്ള അവകാശവും അവര്‍ക്കില്ല. പിന്നെ ഞാന്‍ പങ്കുവെക്കുന്ന സ്‌റ്റോറികള്‍ മറ്റൊരാളെ കരിവാരിത്തേക്കാനാണെന്നും ആരോപണമുണ്ട്. എനിക്ക് ഇഷ്ടമുള്ള സിനിമയിലെ ഡയലോഗുകളോ താരങ്ങള്‍ പറഞ്ഞതോ പങ്കുവെക്കുന്നത് മാത്രമാണതെന്ന് ദിയ വ്യക്തമാക്കുന്നു.
വലുതായതിന് ശേഷം കാര്യമായ ബോഡി ഷെയ്മിംഗ് അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. കമന്റ് സെക്ഷനില്‍ അങ്ങനെ എന്തെങ്കിലും വന്നാല്‍ അത് വന്ന് പറയുന്നവനെ കൊല്ലുന്ന കാലമായത് കൊണ്ട് ഞാന്‍ ലക്കിയാണ്. കോളേജില്‍ പഠിക്കുന്ന സമയത്ത് സാരി ഉടുത്ത നില്‍ക്കുന്നത് കണ്ടാല്‍ കോല് കമ്പിയില്‍ സാരി ചുരുട്ടി വെച്ചിരിക്കുന്നത് പോലെയുണ്ടെന്ന് പറയുമായിരുന്നു.
പിന്നെ ഞാന്‍ ജീന്‍സിട്ട് പോവുമ്പോള്‍ ഭയങ്കരമായി മെലിഞ്ഞതാണെന്നൊക്കെ പറഞ്ഞ് ബോഡി ഷെയിമിങ് നടത്തുന്നവരുണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെ വലുതായിട്ട് ഒന്നും വരുന്നില്ലെന്ന് ദിയ വ്യക്തമാക്കുന്നു.
ഡിപ്രഷനെ കുറിച്ചോ പരാജയങ്ങളെ കുറിച്ചോ പറയാന്‍ ഞാന്‍ ആളല്ല. ഡിപ്രഷന്‍ എന്ന വാക്ക് സൂക്ഷിച്ച് ഉപയോഗിക്കണം. ഒരുത്തന്‍ ഇട്ടിട്ട് പോയാലോ, പറ്റിച്ചാലോ സങ്കടപ്പെട്ട് ഒരു ദിവസം ഇരിക്കും. അത് ഡിപ്രഷനല്ല. ഡിപ്രഷന്‍ ഒരവസ്ഥയാണ്. അതിനെ ട്രീറ്റ് ചെയ്യണം. ഒന്നും ചെയ്യാനാവാന്‍ കഴിയാത്ത അവസ്ഥയിലാണെങ്കില്‍ ഡോക്ടറെ കാണണമെന്നും ദിയ പറയുന്നു.